സൂറിച്ച്: ഫുട്ബോൾ ലോകകപ്പ് ഫൈനലിന് പിന്നാലെ സ്പാനിഷ് താരങ്ങളുമായി ഏറ്റുമുട്ടിയ സംഭവത്തിൽ അർജന്റീന ടീമിന് തിരിച്ചടി. വിലക്ക് നേരിടുന്ന അർജന്റൈൻ താരം ലിയാൻഡ്രോ പരേഡസിന്റെ അപ്പീൽ ഫിഫ തള്ളി. വിലക്കും പിഴയും കുറയ്ക്കണമെന്നായിരുന്നു താരത്തിന്റെ ആവശ്യം. അതേസമയം സഹതാരം നെഹ്വേല് മൊളീനയുടെ ശിക്ഷയിൽ ഫിഫ ഇളവ് അനുവദിച്ചു.
മൊളീനയുടെ വിലക്ക് ഏഴ് മത്സരങ്ങളിൽ നിന്ന് നാലായി കുറച്ചു. 90,000 ഡോളറായിരുന്ന പിഴയും 60,000 ഡോളറായി കുറച്ചിട്ടുണ്ട്. എന്നാൽ പരേഡസിന്റെ പത്ത് മത്സരങ്ങളിലെ വിലക്കും 90,000 ഡോളർ പിഴയും അതേപടി തുടരുമെന്ന് ഫിഫ വ്യക്തമാക്കി. അർജന്റൈൻ ഫുട്ബോൾ അസോസിയേഷന് ചുമത്തിയ 3.21 ലക്ഷം ഡോളർ പിഴയിലും ഇളവില്ല. ഫിഫയുടെ തീരുമാനത്തിനെതിരെ കായിക തർക്കപരിഹാര കോടതിയെ സമീപിക്കുമെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു.
കഴിഞ്ഞ ജൂലൈ 19ന് നടന്ന ലോകകപ്പ് ഫൈനലിൽ ഒരു ഗോളിന് തോറ്റതിന് പിന്നാലെയായിരുന്നു അർജന്റീനയുടെയും സ്പെയിന്റെയും താരങ്ങൾ ഏറ്റുമുട്ടിയത്. വിജയാഘോഷത്തിനിടെ മൊളീന സ്പാനിഷ് ക്യാപ്റ്റൻ റോഡ്രിയെ ഇടിച്ചതോടെയാണ് സംഭവങ്ങൾക്ക് തുടക്കമായത്. സ്പാനിഷ് താരങ്ങൾ ഇതിനെ ചോദ്യം ചെയ്തതോടെ സംഭവം കൂട്ടത്തല്ലിലേക്ക് നീങ്ങുകയായിരുന്നു.