കൊച്ചി: വിദേശത്തു രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ കേരളത്തില്‍ താത്കാലികമായി ഉപയോഗിക്കാനുള്ള നടപടികളുമായി മോട്ടോര്‍വാഹന വകുപ്പ്. വിദേശ വാഹനങ്ങള്‍ക്കു ഹ്രസ്വകാല നികുതി അടച്ച് ഇവിടെ സര്‍വീസ് നടത്താനുള്ള അനുമതി വേഗത്തില്‍ നല്‍കും.
ദുബായ് രജിസ്ട്രേഷനിലുള്ള ആഡംബര വാഹനത്തിന്റെ ഹ്രസ്വകാല നികുതി ഉടമ എറണാകുളം സ്വദേശി പ്രശോഭ് ശശിധരന് പാറപ്പുറം കഴിഞ്ഞദിവസം എറണാകുളം എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ഓഫീസില്‍ അടച്ച് അനുമതി പത്രം വാങ്ങി. പ്രശോഭ് ദുബായില്‍നിന്ന് മുംബൈ തുറമുഖം വഴിയാണ് കാര്‍ കൊണ്ടുവന്നത്. അടുത്ത വര്‍ഷം ജൂലൈ 14 വരെ ഈ വിദേശ വാഹനം ഇവിടെ ഓടിക്കാനുള്ള അനുമതിയുണ്ട്. ആറു മാസത്തേക്ക് 35,000 രൂപയാണ് നികുതി.
കാലാവധി കഴിഞ്ഞാല്‍ വാഹനം വിദേശത്തേക്കുതന്നെ കൊണ്ടുപോകണം. പ്രത്യേക സാഹചര്യത്തില്‍ അപേക്ഷ നല്കിയാല് ആറുമാസം കൂടി കാലാവധി നീട്ടാം. എന്നാല്‍, പരമാവധി ഒരു വര്‍ഷം മാത്രമേ വാഹനം ഇന്ത്യയില്‍ സൂക്ഷിക്കാനാകൂ. കാലവധി കഴിഞ്ഞും ഇവിടെ തുടരുകയോ നിയമം ലംഘിക്കുകയോ ചെയ്താല്‍ വാഹനം പിടിച്ചെടുക്കുന്നതിനൊപ്പം കസ്റ്റംസ് ഡ്യൂട്ടിയും പിഴയും ഈടാക്കും.
വിദേശ നമ്പറില്‍ തന്നെ ഓടിക്കാം
വാഹനം കേരളത്തില്‍ എത്തിച്ചിട്ടു വിദേശ നമ്പറില്‍ തന്നെ ഓടാം. റേസിംഗ്, ഓഫ്- റോഡ് റാലി തുടങ്ങിയ മത്സരങ്ങളില്‍ ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കാന്‍ അനുമതിയില്ല. പ്രവാസികളുടെയും കുടുംബാംഗങ്ങളുടെയും യാത്രയ്ക്കും വിനോദ സഞ്ചാര ആവശ്യങ്ങള്‍ക്കും മാത്രമായിട്ടായിരിക്കണം വാഹനം ഉപയോഗിക്കേണ്ടത്.
വിദേശത്തുനിന്ന് സ്വന്തം വാഹനങ്ങളുമായി കേരളത്തിലെത്തുന്ന പ്രവാസികള്‍ക്കും വിദേശസഞ്ചാരികള്‍ക്കും കൂടുതല്‍ സൗകര്യമൊരുക്കുന്നതിനൊപ്പം സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്കും പദ്ധതി ഗുണകരമാകുമെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ വിലയിരുത്തല്‍.