ഹരിപ്പാട്: കാർത്തികപ്പള്ളിയിൽ രണ്ടു വയസുകാരൻ രാഹുൽ മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫോറൻസിക് സയൻസ് ലാബ് പരിശോധനാ ഫലങ്ങളും ലഭിച്ച ശേഷമേ കൂടുതൽ വകുപ്പുകൾ ചുമത്തുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കൂ എന്ന് തൃക്കുന്നപ്പുഴ പൊലിസ് വ്യക്തമാക്കി.
നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിട്ടുള്ളത്. കുട്ടി കഴിഞ്ഞിരുന്ന വീട്ടിലെത്തി മഹസർ തയാറാക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും തൃക്കുന്നപ്പുഴ എസ്എച്ച്ഒ അറിയിച്ചു. പാത്തോളജി, എഫ്എസ്എൽ പരിശോധനാ ഫലങ്ങൾ ലഭിച്ചാലേ മരണകാരണത്തിൽ വ്യക്തത കൈവരൂ.
കുഞ്ഞിന് ജീവനില്ലെന്ന് അയൽവാസികൾ രാവിലെ ആറുമണിക്കുതന്നെ മുന്നറിയിപ്പ് നൽകിയിട്ടും ആശുപത്രിയിലെത്തിക്കാൻ മനഃപ്പൂർവം വൈകിച്ചോ എന്നും വഴിമധ്യേ ഷാപ്പിൽ നിർത്തി മദ്യപിച്ചെന്നുമുള്ള നാട്ടുകാരുടെ ആരോപണം ശരിയാണോ എന്നും പൊലിസ് പ്രത്യേകം പരിശോധിക്കുന്നുണ്ട്. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലുള്ള അമ്മയുടെയും മറ്റ് ബന്ധുക്കളുടെയും വിശദമായ മൊഴി വരുംദിവസങ്ങളിൽ രേഖപ്പെടുത്തും.
മാതാപിതാക്കളുടെ സംരക്ഷണയിൽ കുട്ടികൾ ഒട്ടും സുരക്ഷിതരല്ലെന്ന കണ്ടെത്തലിൽ, വീട്ടിലുണ്ടായിരുന്ന മൂന്നു മുതൽ പതിനൊന്ന് വയസുവരെ പ്രായമുള്ള നാല് പെൺകുട്ടികളെയും സ്ഥിരമായി സർക്കാർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള അടിയന്തര നടപടികൾ ശിശുക്ഷേമസമിതി ആരംഭിച്ചു.
മുൻപ് ഇതേ കുടുംബത്തിൽ മറ്റൊരു കുഞ്ഞ് മരിച്ച സംഭവത്തിൽ അന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നുവെന്നും, പ്രാഥമിക പരിശോധനയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതാണ് മരണകാരണമെന്നാണ് കണ്ടെത്തിയിരുന്നതെന്നും പൊലിസ് വ്യക്തമാക്കുന്നു.
എന്നാൽ, നിലവിലെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പോസ്റ്റ്മോർട്ടം, ഫോറൻസിക് പരിശോധനാ ഫലങ്ങൾ ലഭിക്കുന്ന മുറയ്ക്ക് മുൻ സംഭവങ്ങളിലടക്കം കൂടുതൽ വ്യക്തത വരുത്താനുള്ള നടപടികൾ പൊലിസ് സ്വീകരിക്കും.