തിരുവനന്തപുരം: സംസ്ഥാനത്ത് ജനജീവിതത്തിന് കാട്ടുപന്നി വളരെ പ്രതിസന്ധി സൃഷ്ടിക്കുന്നതായും 50,000 കാട്ടുപന്നികളാണ് വനത്തിനു പുറത്തു ജനവാസ മേഖലകളിൽ ഉള്ളതെന്നും വനം മന്ത്രി മന്ത്രി ഷിബു ബേബി ജോണ്.
പഴകുളം മധുവിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വൻതോതിൽ പന്നികൾ പെറ്റുപെരുകുന്ന സാഹചര്യത്തിൽ പന്നികളെ കൊല്ലാനുള്ള ഒരു ഡ്രൈവ് നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തിൽ നടത്തും. പല പഞ്ചായത്തുകളിലും പന്നികളെ കൊല്ലുന്നതിനു ഷൂട്ടർമാരില്ല. ഇവിടങ്ങളിൽ ഷൂട്ടർമാരെ നിയമിക്കും.
ജൂലൈ മുതൽ ഓഗസ്റ്റ് വരെ ഡ്രൈവ് നടത്തും. കർഷകരെ വിശ്വാസത്തിലെടുത്തുള്ള പ്രവർത്തനങ്ങളാവും വനം വകുപ്പ് നടത്തുക. കർഷകർ നേരിടുന്ന പ്രതിസന്ധി അതിരൂക്ഷമാണ്. കർഷകന്റെ ശത്രുവല്ല വനംവകുപ്പ് എന്ന നിലയാണ് സർക്കാരിനുള്ളത്. കർഷകരുമായി സഹകരിച്ചു മാത്രമേ പ്രവർത്തിക്കാൻ കഴിയുകയുള്ളൂ.
വയനാട്ടിൽ വന്യമൃഗങ്ങളുടെ കാരിയിംഗ് കപ്പാസിറ്റി പഠിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും.
ആനകളുടെ എണ്ണം സംബന്ധിച്ച് സംസ്ഥാനത്ത് പല കണക്കുകളുണ്ടെന്നും ഏതു കണക്കാണ് കൃത്യമെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.