പാലാ: വര്‍ഷങ്ങളായി നിര്‍മാണം നിലച്ചുകിടക്കുന്ന പാലായുടെ അഭിമാന പദ്ധതിയായ റിവര്‍വ്യു റോഡിന്റെ രണ്ടാം ഘട്ടമായ ആകാശപാലത്തിന്റെ നിര്‍മാണം പുര്‍ത്തിയാക്കണമെന്ന ആവശ്യം ശക്തമായി. പാലാ നഗരത്തിലെ തിരക്ക് കുറയ്ക്കുന്നതിനായി ഏറ്റുമാനൂര്‍ -പാലാ റോഡിനു സമാന്തരമായി നിര്‍മിച്ച റിവര്‍വ്യു റോഡ് പദ്ധതിയുടെ തുടര്‍ച്ചയായിട്ടാണ് ആകാശപാലം പദ്ധതി ആരംഭിച്ചത്.
പദ്ധതിയുടെ ഭാഗമായി മീനച്ചിലാറിനോടു ചേര്‍ന്നുള്ള തൂണുകളില്‍ തീര്‍ത്ത പാലത്തിന്റെ പണി പൂര്‍ത്തിയായെങ്കിലും കൊട്ടാരമറ്റത്തെയും ആശുപത്രി താഴെയുള്ള ഭാഗത്തെയും സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയാകാത്തതിനാല്‍ ആകാശപാലം ആകാശത്തുതന്നെ നില്‍ക്കുകയാണ്.
പദ്ധതി നടപ്പാക്കിയാല്‍ കൊട്ടാരമറ്റം മുതല്‍ ആശുപത്രി ജംഗ്ഷന് വരെയുള്ള ഭാഗത്ത് പൂര്‍ണമായി വണ്‍വേ സംവിധാനത്തില്‍ വാഹനങ്ങള്‍ കടത്തിവിടാനും സാധിക്കും. മുനിസിപ്പല്‍ സ്റ്റേഡിയം ജംഗ്ഷനില്‍ നിന്നാരംഭിച്ചു ജനറല്‍ ആശുപത്രി ജംഗ്ഷന് വരെയുള്ള റിവര്‍വ്യു റോഡ് കൊട്ടാരമറ്റംവരെ നീട്ടുന്നതാണ് ആകാശപാലം പദ്ധതി.
ജനറല്‍ ആശുപത്രി ജംഗ്ഷന് മുതല്‍ കൊട്ടാരമറ്റംവരെ തൂണുകളില്‍ പാലമായി തീര്‍ക്കുന്ന റോഡിന്റെ നിര്‍മാണ പ്രവൃത്തികള്‍ ഭൂരിഭാഗവും പൂര്‍ത്തിയാക്കിയിട്ടും സ്ഥലമേറ്റെടുക്കുന്നതിലുണ്ടായ പാളിച്ചയാണ് പദ്ധതി നിലയ്ക്കാന്‍ കാരണം. അവശേഷിക്കുന്ന സ്ഥലം ഏറ്റെടുത്ത് നിര്‍മാണം നടത്തുന്നതിന് 80 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തിയിരുന്നെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. പാലാ വലിയ പാലത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടമുള്ള സ്ഥലമാണ് ഇനി ഏറ്റെടുക്കാനുള്ളത്.
റവന്യൂ ഭൂമിയെന്ന് കണക്കാക്കി ഏറ്റെടുക്കാതെ നിര്‍മാണം നടത്തിയപ്പോള്‍ സ്ഥലമുടമ എതിര്‍പ്പുമായെത്തിയിരുന്നു. ഈ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായെങ്കില്‍ മാത്രമേ നിര്‍മാണം തുടരാന്‍ സാധിക്കൂ. വലിയപാലത്തിനോടു ചേര്‍ന്ന ഭാഗത്ത് മേല്‍ത്തട്ട് കോൺക്രീറ്റ് ചെയ്യാനുണ്ട്.
പാലത്തിന്റെ ഇനിയും കോണ്‍ക്രീറ്റ് ചെയ്യാനുള്ള ഭാഗത്തെ ഇരുമ്പു കമ്പികള്‍ തുരുമ്പെടുത്ത് നശിക്കുകയാണ്. കൊട്ടാരമറ്റം ഭാഗത്ത് 200 മീറ്റര്‍ നീളത്തില്‍ അനുബന്ധ റോഡും നിര്‍മിക്കേണ്ടതുണ്ട്. സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ നിര്‍മാണം ആരംഭിക്കുമെന്ന് മാണി സി. കാപ്പന് എംഎല്‍എ പറഞ്ഞു.