പ്രമാടം: വനസംരക്ഷണത്തിന്റെ സന്ദേശവുമായി പ്രമാടം, നേതാജി ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട്-ഗൈഡ് അംഗങ്ങൾ കോന്നി ഫോറസ്റ്റ് റേഞ്ചിൽ ആന്റി-ലിറ്റർ കാന്പെയിൻ നടത്തി. വന രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കോന്നി ഫോറസ്റ്റ് ഡിവിഷൻ, അടവി ഇക്കോ ടൂറിസ്റ്റ് കേന്ദ്രം എന്നിവിടങ്ങളാണ് പ്രവർത്തനം നടത്തിയത്.
ഫോറസ്റ്റ് റേഞ്ച് സെക്ഷൻ ഓഫീസർ ശ്രീ. ശ്രീജിത്ത്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ അരുൺലാൽ, സ്കൗട്ട് മാസ്റ്റർ ഡോ. കെ. ജെ. ഏബ്രഹാം, ഗൈഡ്സ് ക്യാപ്റ്റൻ എസ്. മഞ്ജു എന്നിവർ വനസംരക്ഷണത്തിന്റെയും വന്യജീവി സംരക്ഷണത്തിന്റെയും പ്രാധാന്യം വിദ്യാർഥികളുമായി പങ്കുവച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾ വർഷങ്ങളെടുത്താണ് വിഘടിക്കുന്നതെന്നും ഇത് വന്യജീവികൾക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നുണ്ടെന്നും ഉദ്യോഗസ്ഥർ വിദ്യാർഥികളെ ബോധ്യപ്പെടുത്തി. വനസംരക്ഷണത്തിന്റെ ഭാഗമായി ജീവൻ നഷ്ടപ്പെട്ട വനപാലകരെയും പരിസ്ഥിതി പ്രവർത്തകരെയും അനുസ്മരിച്ചു.
വിദ്യാർഥികൾ ഏകദേശം 1.5 കിലോമീറ്റർ ദൂരത്തിൽ നടത്തിയ ശുചീകരണ പ്രവർത്തനത്തിലൂടെ 20 കിലോഗ്രാം മാലിന്യം ശേഖരിച്ചു. ശേഖരിച്ച മാലിന്യം ശരിയായ രീതിയിൽ തരംതിരിച്ച് പുനരുപയോഗത്തിനും സംസ്കരണത്തിനുമായി അടവി ഇക്കോ ടൂറിസം വേസ്റ്റ് കളക്ഷൻ സെന്ററിന് കൈമാറി.