ചെന്നൈ: സൈന്യത്തിന്റെ തന്ത്രപ്രധാന രഹസ്യവിവരങ്ങൾ അജ്ഞാത യുവതിയുമായി പങ്കുവച്ച മുൻ കരസേന ഓഫിസർ തമിഴ്നാട്ടിൽ അറസ്റ്റിൽ. 52 കാരനായ ബാബു എന്നയാളാണ് അറസ്റ്റിലായത്. ഡിആർഡിഒയുടെ പദ്ധതിക്കുവേണ്ടി വിവരങ്ങൾ ശേഖരിക്കുകയാണെന്നു വിശ്വസിപ്പിച്ചാണ് അജ്ഞാത യുവതി സൈനിക ഓഫിസറെ ഹണിട്രാപ്പിൽ വീഴ്ത്തിയത്.
വാട്സ്ആപ്പിലൂടെയും വീഡിയോ കോളിലൂടെയും ഒരു വർഷമായി ഇരുവരും സംസാരിക്കുന്നുണ്ടായിരുന്നു. സൈനിക ഉപകരണങ്ങൾ, പ്രതിരോധ സംവിധാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ ഇതിനിടെ ഓഫിസർ യുവതിയുമായി പങ്കുവച്ചു.
ഏതാനും ദിവസങ്ങളായി ബാബു കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞദിവസമാണു ചോദ്യംചെയ്യലിനായി വെല്ലൂർ താലൂക്ക് പൊലിസ് സ്റ്റേഷനിലേക്കു കൊണ്ടുവന്നത്. രണ്ടുദിവസത്തെ ചോദ്യംചെയ്യലിനുശേഷം കേന്ദ്ര ഏജൻസികൾ അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ തമിഴ്നാട് പൊലിസിനു കൈമാറുകയും ചെയ്തു.
സൈനികോപകാരങ്ങൾ കൈകാര്യംചെയ്യുന്ന വിഭാഗത്തിൽ ക്യാപ്റ്റനായിരുന്ന ബാബു അറിയാവുന്ന രഹസ്യങ്ങൾ മുഴുവൻ യുവതിയുമായി പങ്കുവച്ചു. യുവതിയുടെ തുടർന്നുള്ള സംശയങ്ങൾക്ക് മുൻ സഹപ്രവർത്തകരുമായി സംസാരിച്ചശേഷം ഉത്തരം നൽകുകയും ചെയ്തു. സൈനിക ഓഫിസറായി കഴിഞ്ഞവർഷം വിരമിച്ച ബാബു തുടർന്ന് വെല്ലൂരിലെ കനിയന്പാടിക്കു സമീപം കീഴ്വള്ളാമിലാണു കഴിഞ്ഞിരുന്നത്.
വിശാഖപട്ടണം നാവികകേന്ദ്രത്തിന്റെ വിവരങ്ങൾ പാക് ചാരവനിതയ്ക്കു കൈമാറിയെന്ന് കേസിൽ ഈ മാസം മൂന്നിന് കോയന്പത്തൂരിൽ 31 കാരനായ നാവികസേന ഉദ്യോഗസ്ഥൻ അറസ്റ്റിലായിരുന്നു. ഇതിനു പിന്നാലെയാണു തമിഴ്നാട്ടിൽ നിന്ന് സമാനസ്വഭാവത്തിലുള്ള മറ്റൊരു കേസ്.