Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Former Kochi Mayor

ഇന്ദിര വന്നോട്ടെ, പക്ഷെ സമൃദ്ധി പൂട്ടിക്കരുത്; സ്ത്രീകളുടെ അടുപ്പിലെ പുക കെടുത്തരുത്: കൊച്ചി മുന്‍ മേയര്‍ അനില്‍ കുമാർ

കൊച്ചി: സമൃദ്ധിക്കുള്ളില്‍ ഇന്ദിര കൊണ്ടുവന്ന് സമൃദ്ധി ഹോട്ടലുകള്‍ പൂട്ടിക്കരുതെന്ന് കൊച്ചി മുന്‍ മേയര്‍ എം. അനില്‍ കുമാര്‍. കൊച്ചി നഗരസഭയുടെ വിശപ്പുരഹിത പദ്ധതിയായ സമൃദ്ധി ഹോട്ടലുകളോട് ചേര്‍ന്ന് 10 രൂപയ്ക്ക് പ്രാതലും അത്താഴവും ലഭ്യമാക്കുന്ന ഇന്ദിര കാന്‍റീന്‍ കൊണ്ടുവരുമെന്ന കൊച്ചി മേയര്‍ വി.കെ മിനിമോളുടെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ യുഡിഎഫ് ഭരണസമിതിയുടെ 50 ദിന കര്‍മ്മപദ്ധതി ആയാണ് ഇന്ദിര കാന്‍റീന്‍ പ്രഖ്യാപിച്ചത്. പിന്നാലെ സമൃദ്ധിയെ തകര്‍ക്കാനുള്ള ഗൂഢ നീക്കമാണിതെന്ന് ആരോപിച്ച് മുന്‍മന്ത്രി തോമസ് ഐസക് ഉള്‍പ്പെടെ സിപിഎം നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അനില്‍ കുമാറിന്‍റെ പ്രതികരണം.

ഇന്ദിര കാന്‍റീന്‍ തുടങ്ങുന്നതില്‍ എതിര്‍പ്പില്ല, കാരണം ഭക്ഷണം സൗജന്യമായ നിരക്കില്‍ ആരുടെ പേരിലായാലും കൊടുക്കുന്നതിന് പ്രശ്‌നമില്ല. പക്ഷെ സമൃദ്ധിയുടെ അകത്ത് കൊണ്ടുവന്ന് ഇന്ദിര കാന്‍റീന്‍ തുടങ്ങിയിട്ട് സമൃദ്ധി പൂട്ടിക്കരുത്. സമൃദ്ധി ഏറ്റെടുത്ത് കേരളം മുഴുവന്‍ വ്യാപിക്കാന്‍ പോവുകയാണോ കൊച്ചി മേയര്‍ എന്നറിയില്ല. പ്രീമിയം കൊണ്ടുവരുമെന്ന് പറഞ്ഞതിനെ കുറിച്ച് മനസിലാവുന്നുമില്ല. പേരുകള്‍ തമ്മില്‍ വഴക്കിട്ട് സ്ത്രീകളുടെ കുടുംബത്തിലെ പുക കെടുത്തരുത്. ഭക്ഷണം കഴിക്കുന്ന ആളുകളുടെ വയറ്റത്തടിക്കരുതെന്നും അനില്‍ കുമാര്‍ പറയുന്നു.

ബ്രഹ്മപുരത്തെ മാലിന്യ കണക്കുകള്‍ പെരുപ്പിച്ചു കാണിക്കരുതെന്നും അനില്‍കുമാര്‍ പറഞ്ഞു. ബ്രഹ്മപുരത്തെ കുറിച്ച് പുറത്ത് പ്രചരിച്ചതല്ല സത്യമെന്നും യാഥാര്‍ഥ്യം മറ്റൊന്നാണെന്നും നിലവിലെ കൊച്ചി മേയര്‍ വി.കെ മിനിമോള്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടിയായാണ് അനില്‍കുമാറിന്‍റെ പ്രതികരണം.

തങ്ങള്‍ ബ്രഹ്മപുരത്ത് എല്ലാ കാര്യങ്ങളും പൂര്‍ത്തീകരിച്ചു എന്ന് പറഞ്ഞിട്ടില്ല. കഴിഞ്ഞ കൗണ്‍സില്‍ അവിടം മാലിന്യ മലയാക്കി മാറ്റി എന്ന് പറയുന്നത് തെറ്റാണെന്നും അനില്‍കുമാര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

ഞങ്ങള്‍ ബ്രഹ്മപുരത്ത് എല്ലാ കാര്യങ്ങളും പൂര്‍ത്തീകരിച്ചു എന്ന് പറഞ്ഞിട്ടില്ല. പക്ഷെ ഒരു കാര്യം വ്യക്തമാണ് ഞാന്‍ മേയര്‍ ആയിരുന്നപ്പോള്‍ നിങ്ങള്‍ പോയ ബ്രഹ്മപുരമല്ല, നിങ്ങള്‍ ഇപ്പോള്‍ പോയ ബ്രഹ്മപുരം. ചെല്ലിപ്പാടം എന്നൊരു സ്ഥലം വാങ്ങിയാണ് അവിടെ പ്ലാന്‍റുകള്‍ സ്ഥാപിച്ചത്. അന്ന് ബ്രഹ്മപുരത്ത് മാലിന്യ മലകള്‍ ആയിരുന്നു. ഞങ്ങള്‍ ഒരുപാട് മാറ്റങ്ങള്‍ അവിടെ വരുത്തിയിട്ടുണ്ട്. അവിടെ ഇനിയും ധാരാളം കാര്യങ്ങള്‍ ചെയ്യണമെന്ന് പറഞ്ഞതില്‍ അഭിപ്രായ വ്യത്യാസമില്ല. പക്ഷെ അവിടെ ചെയ്യേണ്ട കാര്യങ്ങള്‍ മാത്രമേ ചെയ്യാന്‍ പാടുള്ളു. ആവശ്യത്തിന് മാത്രമേ പണം ചെലവഴിക്കാന്‍ പാടുള്ളു.

നേരത്തെ ബ്രഹ്മപുരത്തുണ്ടായിരുന്ന പത്തര ലക്ഷം ടണ്‍ മാലിന്യത്തില്‍ ഭൂരിഭാഗവും ബയോമൈനിംഗിലൂടെ നീക്കം ചെയ്തിട്ടുണ്ട്. മാലിന്യം നീക്കം ചെയ്തതിനെ തുടര്‍ന്ന് ഭൂമി താഴ്ന്നതിനാലും വേലിയേറ്റം ഉണ്ടായതിനാലുമാണ് ബ്രഹ്മപുരത്ത് മുമ്പ് ക്രിക്കറ്റ് കളിച്ചിരുന്ന സ്ഥലത്ത് വെള്ളം കയറിയത്. അതൊരു പാടമായിരുന്നു. സ്വാഭാവികമായിട്ടും വേലിയേറ്റം വരുമ്പോള്‍ വെള്ളം കെട്ടും. അങ്ങനെയാവാതിരിക്കാന്‍ കടമ്പ്രയാറിന്‍റെ സൈഡ് കെട്ടിയാല്‍ മതി.

ഷെഡുകള്‍ക്ക് അകത്ത് ഞങ്ങള്‍ കൊണ്ടുപോയി ഭക്ഷണ മാലിന്യം ഇട്ടുവെന്ന് ഇവര്‍ പറഞ്ഞത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണ്. കാരണം മേഴ്‌സി വില്യംസ് മേയര്‍ ആയിരിക്കുമ്പോഴാണ് അത് പണിതത്. അത് കഴിഞ്ഞ് ടോണി ചമ്മണി മേയറായി. ഞാന്‍ മേയര്‍ ആയിരുന്നപ്പോള്‍ ഈ വിന്‍ഡ്രോ പ്ലാന്‍റിന് അടുത്തേക്ക് പോകാന്‍ പറ്റില്ലായിരുന്നു. അതിനകത്ത് ഭക്ഷണ മാലിന്യവും പ്ലാസ്റ്റിക് മാലിന്യവും കൂടി കിടക്കുകയായിരുന്നു. ആ മാലിന്യം പഴയ കൗണ്‍സില്‍ കൊണ്ടിട്ടതാണെന്ന് പറഞ്ഞാല്‍ അത് വസ്തുതാപരമായി ശരിയല്ല.

രണ്ടര ലക്ഷം വേസ്റ്റ് അവിടെ ബയോമൈന്‍ ചെയ്യണ്ടആവശ്യമില്ല. 50 ടണ്‍ വച്ച് രണ്ട് ബിഎസ്എഫ് പ്ലാന്‍റിലും സംസ്‌കരിക്കാനുള്ള ശേഷിയുണ്ട്. കൊച്ചി നഗരത്തില്‍ 100 ടണ്‍ മാലിന്യമുണ്ട്, 400 ടണ്‍ മാലിന്യമുണ്ട് എന്നൊന്നും വെറുതെ പറയരുത്. കൊച്ചി നഗരത്തിന്‍റെ പോപ്പുലേഷന്‍ വച്ചുള്ള മാലിന്യമൊന്നും ഇവിടെ വരുന്നില്ല. ഇപ്പോഴും സ്വന്തം വീട്ടില്‍ മാലിന്യം സംസ്‌കരിക്കുന്ന ആളുകളുണ്ട്.

ഡീ സെന്‍ട്രലൈസ്ഡ് പ്ലാന്‍റുകളുണ്ട്. പന്നി ഫാമുകളിലേക്ക് മാലിന്യം കൊടുക്കുന്നവരുണ്ട്. ഇല്ലാത്ത കണക്കുകള്‍ പറഞ്ഞുണ്ടാക്കരുത്. അത് അഴിമതിക്ക് കാരണമാകും. സിബിജി പ്ലാന്‍റ് വന്നതില്‍ സര്‍ക്കാരിനെ തള്ളിക്കളഞ്ഞ് സംസാരിക്കുന്നത്. ബ്രഹ്മപുരത്തെ മാലിന്യ കണക്കുകള്‍ പെരുപ്പിച്ചു കാണിക്കുന്നത് ശരിയല്ലെന്നും അവിടെ നിലവില്‍ പടുത്തുയര്‍ത്തിയ മാലിന്യ നിര്‍മാര്‍ജ്ജന സംവിധാനങ്ങള്‍ തകര്‍ക്കാനുള്ള നീക്കങ്ങളെ പിന്തുണയ്ക്കരുതെന്നും അല്‍കുമാര്‍ പറഞ്ഞു.

Latest News

Corehub Up