തിരുവനന്തപുരം: മുൻ മേയറും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ ആര്യാ രാജേന്ദ്രൻ തലസ്ഥാനം വിടുന്നു. കോഴിക്കോട് ജില്ലയിൽ താമസിച്ച് പ്രവർത്തിക്കാനുള്ള ആര്യയുടെ ആവശ്യം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗീകരിച്ചു. സംസ്ഥാന നേതൃത്വത്തിന്റെ തുടർ തീരുമാനത്തിന് ശേഷമായിരിക്കും പ്രഖ്യാപനം.
വെള്ളിയാഴ്ച ചേർന്ന സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിലാണ് ആര്യയുടെ ജില്ല മാറ്റത്തിനുള്ള ആവശ്യം ചർച്ചയായത്. കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കാൻ അനുമതി തേടി ജില്ലാ നേതൃത്വത്തെയാണ് ആര്യ സമീപിച്ചത്. ഭർത്താവും ബാലുശേരി മുൻ എംഎൽഎയുമായ സച്ചിൻ ദേവും കുടുംബവും കോഴിക്കോട്ടാണ് താമസിക്കുന്നത്. ഇതാണ് ജില്ല മാറ്റത്തിനു കാരണമെന്നാണ് റിപ്പോർട്ടുകൾ.
സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന് പുറമെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയാണ് ആര്യ. ഡിവൈഎഫ്ഐയുടെ സംസ്ഥാന നേതാവെന്ന നിലയിൽ കോഴിക്കോട് ഉൾപ്പെടെയുള്ള ജില്ലകളിൽ സംഘടനാ പരിപാടികളിൽ നേരത്തെ തന്നെ സജീവമാണ്. അതേസമയം കോഴിക്കോട് ടൗണിൽ സച്ചിൻ ദേവ് വീട് എടുത്തിരുന്നു.