കണ്ണൂര്‍: മുസ്ലിം ലീഗ് പ്രവര്ത്തകന് അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ കോടതി വിധിക്കു പിന്നാലെ മാധ്യമങ്ങളെയും ഒരു മുൻ ന്യായാധിപനെയും രൂക്ഷമായി വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. ജയരാജന്.
തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് ജയരാജൻ ഇരുവർക്കും എതിരേ രൂക്ഷ വിമർശനം ഉന്നയിച്ചത്. കേസുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ താനും ടി.വി. രാജേഷും ‘ആക്രമിക്കപ്പെട്ടതായി ആരോപിക്കപ്പെടുന്ന സംഭവം’ എന്നാണ് മാധ്യമങ്ങൾ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ കേസിന്റെ വിധി വന്ന ഘട്ടത്തില്‍ ഞങ്ങള്‍ ആക്രമിക്കപ്പെട്ടതിനെ പോലും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന തരത്തിലുള്ള അധമ മാധ്യമപ്രവര്‍ത്തനമാണ് ചിലര്‍ നടത്തുന്നത്.
വര്‍ഷങ്ങളായി മനസില്‍ സൂക്ഷിച്ച ഒരു കാര്യംകൂടി ഈ സാഹചര്യത്തില്‍ പറയേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻ ന്യായാധിപനെ പേരു പറയാതെ വിമർശിക്കുന്നത്. മാധ്യമങ്ങളുടെ സ്വാധീനത്തിൽ പെട്ട ഒരു മുൻവിധികർത്താവ് സിപി എമ്മിന്റെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാളെ സ്വയം പ്രഖ്യാപിത നാടുവാഴി എന്ന് എഴുതിവയ്ക്കുന്നുണ്ടെങ്കില് അദ്ദേഹത്തെ പിടികൂടിയ മാര്‍ക്സിസ്റ്റ് വിരുദ്ധ ജ്വരത്തിനു ചികിത്സ നടത്തണം. അത് സ്വതന്ത്രമായ നീതി നിര്‍വഹണ സംവിധാനത്തിനു കരുത്തുപകരുമെന്നും കുറിപ്പിൽ പറയുന്നു.
മുസ്ലിം ലീഗിന്റെ അക്രമം നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ തങ്ങളാണ് അന്ന് ക്രൂരമായി ആക്രമിക്കപ്പെട്ടത്. പരിക്കേറ്റ തങ്ങളെ ആശുപത്രിയിലെത്തിച്ചത് പൊലിസാണ്. കേസില്‍ തങ്ങളെ അക്രമികളായി ചിത്രീകരിക്കാനാണ് മുസ്ലിം ലീഗ് ഏറ്റവും കൂടുതല്‍ ശ്രമിച്ചത്. ഇതിനായി നിരവധി സാക്ഷികളെ കോടതിയില്‍ കള്ളമൊഴി നല്കാന് തയാറാക്കി നിര്‍ത്തിയിരുന്നു. എന്നാല്‍ ലീഗ് കൊണ്ടുവന്ന സാക്ഷികളില്‍ ചിലര്‍ കോടതിയില്‍ കള്ളം പറയാന്‍ തയാറായില്ല.
ഇതിലൊരാള്‍ വിദേശത്തുനിന്നു വിമാനമാര്‍ഗം കേരളത്തിലെത്തി കോടതി കോമ്പൗണ്ടില്‍ വരെ എത്തിയിരുന്നു. തെറ്റായ കാര്യങ്ങള്‍ കോടതിയില്‍ പറയാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതുകൊണ്ടാണ് പ്രോസിക്യൂഷന് പിന്മാറിയത്. മുസ്ലിം ലീഗ് പ്രവര്‍ത്തകരായ ചില സാക്ഷികള്‍ ഇത്തരത്തില്‍ വ്യാജമൊഴി നല്കാന് തയാറാകാതിരുന്നത് അവര്‍ യഥാർഥ സത്യവിശ്വാസികള്‍ ആയതുകൊണ്ടാണെന്നും പി. ജയരാജൻ തന്റെ കുറിപ്പിൽ പറയുന്നുണ്ട്.