തിരുവനന്തപുരം: കേരള സര്‍വകലാശാലാ അസിസ്റ്റന്റ് നിയമന തട്ടിപ്പുകേസില്‍ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. രാമചന്ദ്രന് നായര്‍ ഉള്‍പ്പടെ ആറുപേരെ പ്രതിചേര്‍ത്ത് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയിലാണ് അന്വേഷണസംഘം ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ചത്.
മുന്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ. വി. ജയപ്രകാശ്, മുന്‍ രജിസ്ട്രാര്‍ കെ.എം. ഹാഷിം, മുന്‍ സിന്‍ഡിക്കറ്റ് അംഗങ്ങളായ എ.എ. റഷീദ്, കെ.എ. ആന്‍ഡ്രൂസ് എന്നിവരാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റു പ്രധാന പ്രതികള്‍. സര്‍വകലാശാലയിലെ അസിസ്റ്റന്റ് തസ്തികയിലേക്കു യോഗ്യത മറികടന്ന് 38 പേര്‍ക്കു വഴിവിട്ട് നിയമനം നല്‍കിയെന്നാണു കേസ്. സ്വാധീനമുപയോഗിച്ച് റാങ്ക് പട്ടികയില്‍ പിന്നിലുണ്ടായിരുന്നവര്‍ക്ക് അടക്കം നിയമനം ഉറപ്പാക്കാന്‍ പ്രതികള്‍ സംഘടിതമായി പ്രവര്‍ത്തിച്ചുവെന്ന് കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു.
അനധികൃതമായി ജോലിയില്‍ പ്രവേശിച്ച് നിലവില്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ ഉള്‍പ്പടെയുള്ള ഉയര്‍ന്ന തസ്തികകളില്‍ സര്‍വീസിലുള്ള 38 ജീവനക്കാരെ കേസില്‍ പ്രതിചേര്‍ക്കാന്‍ ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയിട്ടുണ്ട്. ഇവരെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിശദമായ അനുബന്ധ കുറ്റപത്രം ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
2005-ൽ എഴുത്തുപരീക്ഷയും 2008 ൽ അഭിമുഖവും നടന്ന അസിസ്റ്റന്റ് നിയമനത്തിലാണ് വലിയ ക്രമക്കേടുകൾ ഉണ്ടായത്. എഴുത്തുപരീക്ഷയിൽ മികച്ച മാർക്ക് വാങ്ങിയ പലരെയും അഭിമുഖത്തിൽ കുറഞ്ഞ മാർക്ക് നൽകി പിന്നിലാക്കി. എന്നാൽ തങ്ങൾക്ക് വേണ്ടപ്പെട്ട കുറഞ്ഞ മാർക്കുകാർക്ക് അഭിമുഖത്തിൽ കൂടുതൽ മാർക്ക് നൽകി റാങ്ക് പട്ടികയിൽ മുന്നിലെത്തിച്ചു. 38 പേരാണ് അനധികൃതമായി നിയമനം നേടിയതെന്നു അന്വേഷണത്തിൽ വ്യക്തമായി.