District News
പത്തനംതിട്ട: തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയില് പോലിസ് പരിശോധന കര്ശനമാക്കി. ഇതിന്റെ ഭാഗമായി വില്പനയ്ക്കായി സൂക്ഷിച്ച വാറ്റ് ചാരായം, വിദേശ മദ്യം, കഞ്ചാവ് എന്നിവയുമായി നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. 20 കുപ്പി വിദേശമദ്യവുമായി തണ്ണിത്തോട് പ്ലാച്ചേരി വീട്ടില് രാജേഷ്(52) നെ യാണ് ചിറ്റാര് പോലീസ് അറസ്റ്റ് ചെയ്തു.
സീതത്തോട് ആങ്ങമൂഴി കാരക്കാട്ട് കുന്നില് വീട്ടില് രതീഷ്(43), ചാരായം നിർമിച്ചു വില്പന നടത്തിവന്ന ആങ്ങമൂഴി തേവര്മല ചെരുവില് വീട്ടില് ദീപു (40) എന്നിവരെ മൂഴിയാര് പോലീസും അറസ്റ്റ് ചെയ്തു.
കഞ്ചാവ് വില്പന നടത്തിവന്ന അടൂര് പെരിങ്ങനാട് പഴകുളം പുന്നലത്ത് കിഴക്കേക്കര വീട്ടില് മനു (20)നെ അടൂര് പോലീസും അറസ്റ്റ് ചെയ്തു. പത്തനംതിട്ട ജില്ലാ പോലിസ് മേധാവി ആർ.ആനന്ദിന്റെ നിര്ദ്ദേശ പ്രകാരം ജില്ലാ അതിര്ത്തികളിലും പ്രധാന പട്ടണങ്ങളിലും സായുധ കേന്ദ്ര സേനയുടെ സഹായത്തോടെ പരിശോധനകള് പോലീസ് ശക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം ഗ്രാമപ്രദേശങ്ങളിലും വനമേഖലയോട് ചേര്ന്നു കിടക്കുന്ന പ്രദേശങ്ങളിലും ലോക്കല് പോലീസും പരിശോധനകള് നടന്നു വരുന്നു.
District News
ഉപ്പള: റെയിൽവേ സ്റ്റേഷനു സമീപത്തുള്ള റെയിൽവേയുടെ സ്ഥലത്തുനിന്ന് തേക്ക് ഉൾപ്പെടെയുള്ള മരങ്ങൾ മുറിച്ചുകടത്തിയതിന് നാലുപേർ അറസ്റ്റിൽ.
ഉപ്പള സ്വദേശികളായ റോഷൻ സമീർ, ദാദാ പീർ, അബ്ദുള്ളക്കുഞ്ഞി, രാജേഷ് എന്നിവരെയാണ് മംഗളൂരു ആർപിഎഫ് ഇൻസ്പെക്ടർ മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മുറിച്ചുമാറ്റിയ മരത്തടികളും കടത്താനുപയോഗിച്ച വാഹനവും മരംമുറി യന്ത്രവും ആർപിഎഫ് കസ്റ്റഡിയിലെടുത്തു.
റെയിൽവേ ഭൂമിയോടു ചേർന്നുള്ള പ്രതികളുടെ സ്ഥലത്തുനിന്നും മരങ്ങൾ മുറിക്കുന്നതിന്റെ മറവിൽ റെയിൽവേ ഭൂമിയിലെ മരങ്ങളും മുറിച്ചുകടത്തിയെന്നാണ് കേസ്.
11 മരങ്ങളാണ് റെയിൽവേയുടെ സ്ഥലത്തുനിന്ന് മുറിച്ചുകടത്തിയത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തെളിവു സഹിതം പിടികൂടിയത്.