മുളന്തുരുത്തി: ഓർത്തഡോക്സ് സഭയ്ക്ക് നാല് പുതിയ മെത്രാപ്പോലീത്തമാർ കൂടി. ഫാ. എ.എ. എൽദോസ്, ഫാ. സാംജി ടി.ജോർജ്, ഫാ. ഷിബു വേണാട് മത്തായി, ഫാ. തോമസ് പോൾ റമ്പാൻ എന്നിവരെയാണ് മുളന്തുരുത്തി വെട്ടിക്കൽ ദയറായിൽ സമ്മേളിച്ച മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ വോട്ടിംഗിലൂടെ തെരഞ്ഞെടുത്തത്.
പേരുകൾ അസോസിയേഷൻ പ്രസിഡന്റ് കൂടിയായ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പ്രഖ്യാപിച്ചു. സഭാ മാനേജിംഗ് കമ്മിറ്റി നാമനിർദേശം ചെയ്ത ആറ് സ്ഥാനാർഥികളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. വിദേശരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്കായി ഓൺലൈൻ വോട്ടിംഗ് സൗകര്യം ഏർപ്പെടുത്തിയിരുന്നു. മറ്റുള്ളവർ ബാലറ്റിലൂടെ സമ്മതിദാനം വിനിയോഗിച്ചു.
ഇന്ത്യയുടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് മുൻ മേധാവി കെ.ടി. ചാക്കോ ആയിരുന്നു മുഖ്യ വരണാധികാരി. നിയുക്ത മെത്രാപ്പോലീത്തമാരുടെ സ്ഥാനാരോഹണം എപ്പിസ്ക്കോപ്പൽ സുന്നഹദോസ് ചേർന്ന് തീരുമാനിക്കും.