ന്യൂയോർക്ക്: കാൽ നൂറ്റാണ്ടുകാലത്തിലധികം അമേരിക്കയിലെ സീറോമലബാർ വിശ്വാസികൾക്കായി സേവനം ചെയ്ത റവ.ഫാ. ജോസ് കണ്ടത്തിക്കുടിയുടെ ധന്യമായ ഓർമയും പൈതൃകവും വരുംതലമുറയ്ക്ക് പ്രചോദനമാകും വിധം നിലനിർത്തുന്നതിനുവേണ്ടി രൂപീകരിച്ച ചാരിറ്റി ഓർഗനൈസേഷനായ ഫാ. ജോസ് കണ്ടത്തിക്കുടി ഫൗണ്ടേഷന്റെ ഔപചാരികമായ ഉദ്ഘാടനം ഷിക്കാഗോ സീറോമലബാർ രൂപത ബിഷപ് മാർ ജോയ് ആലപ്പാട്ട് നിർവഹിച്ചു.
ഫാ. ജോസ് കണ്ടത്തിക്കുടിയുടെ ഒന്നാം ചരമ വാർഷിക ആചരണത്തോടനുബന്ധിച്ച് ഡിസംബർ 27ന് ബ്രോങ്ക്സ് സെന്റ് തോമസ് സീറോമലബാർ ദേവാലയ പാരീഷ് ഹാളിൽ നടന്ന അനുസ്മരണ ചടങ്ങിൽ വച്ചായിരുന്നു ഉദ്ഘാടനം.
ഫാ.ജോസിന്റെ ഒന്നാം ചരമ വാർഷിക ആചരണത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ കുർബാനയിൽ ബിഷപ് മാർ ജോയ് ആലപ്പാട്ട് മുഖ്യകാർമികത്വം വഹിച്ചു. വികാരി റവ. ഫാ. കുര്യാക്കോസ് വടാന, റവ. ഫാ. റോയ്സൺ മേനോലിക്കൽ, റവ. ഫാ. ഫ്രാൻസിസ് നമ്പ്യാമ്പറമ്പിൽ എന്നിവർ സഹകാർമികരും ആയിരുന്നു.
നാട്ടിലും അമേരിക്കയിലും സീറോമലബാർ വിശ്വാസ സമൂഹത്തിന്റെ വളർച്ചയ്ക്കായി സ്വന്തം ജീവിതം ഉഴിഞ്ഞുവച്ച ഫാ. ജോസിന്റെ സ്മരണ നിലനിർത്താൻ രൂപീകരിച്ച ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നതായി മാർ ജോയ് ആലപ്പാട്ട് പറഞ്ഞു.