ന്യൂയോർക്ക്: ഓറഞ്ച്ബർഗ് സെന്റ് ജോൺസ് ഓർത്തഡോക്സ് ദേവാലയത്തിൽ ദീർഘകാലം വികാരിയായി സേവനമനുഷ്ഠിച്ച റവ. ഫാ. എബി പൗലോസിനും കുടുംബത്തിനും ഇടവകാംഗങ്ങൾ സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി.
2020 ഡിസംബർ ഒന്ന് മുതൽ 2026 സെപ്റ്റംബർ 28 വരെ സെന്റ് ജോൺസ് ഇടവകയുടെ വികാരിയായി സേവനമനുഷ്ഠിച്ച ഫാ. എബി പൗലോസ് ഇപ്പോൾ പെൻസിൽവേനിയയിലെ ബെൻസേലം സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിന്റ വികാരിയായി ചുമതലയേറ്റിരിക്കുകയാണ്.
ഇടവക സെക്രട്ടറി ബിജോ തോമസ് സ്വാഗതപ്രസംഗം നടത്തി. നല്ല ഇടയനെക്കുറിച്ചുള്ള സുവിശേഷസന്ദേശവുമായി അച്ചന്റെ ശുശ്രൂഷാകാലത്തെ ബന്ധപ്പെടുത്തി സംസാരിച്ച അദ്ദേഹം, ഇടയന്റെ ശബ്ദം ആടുകൾ തിരിച്ചറിയുന്നതുപോലെ ഫാ. എബി പൗലോസിന്റെ ആത്മീയനേതൃത്വവും സ്നേഹപൂർവമായ സമീപനവും ഇടവകാംഗങ്ങൾക്ക് സുപരിചിതമായിരുന്നുവെന്ന് അനുസ്മരിച്ചു.
പ്രാർഥനയിലും ഉപവാസത്തിലുമുള്ള വിശ്വാസം, വിശ്വസ്തത, മനുഷ്യപ്രയത്നത്തോടൊപ്പം ദൈവാനുഗ്രഹത്തിലുള്ള ആശ്രയം എന്നിവ അച്ചന്റെ ജീവിതത്തിലും ശുശ്രൂഷയിലും പ്രകടമായിരുന്ന പ്രധാന മൂല്യങ്ങളാണെന്ന് ബിജോ തോമസ് പറഞ്ഞു.
അച്ചന്റെ ശുശ്രൂഷയിൽ പിന്തുണയായി നിന്ന ഭാര്യ അനിത പൗലോസിനും മക്കളായ എലിസബത്ത്, ജോഷ്വ, റെബേക്ക എന്നിവർക്കും അദ്ദേഹം നന്ദി അറിയിച്ചു. സെന്റ് ജോൺസ് ദേവാലയം എന്നും അവരുടെ സ്വന്തം ഭവനമായിരിക്കുമെന്നും കൂട്ടിച്ചേർത്തു.
പുതിയ വികാരി റവ. ഫാ. ബേസിൽ മണ്ണാത്തിക്കുളം അധ്യക്ഷത വഹിച്ചു. സൺഡേ സ്കൂൾ പ്രിൻസിപ്പലായി രണ്ടുവർഷം സേവനമനുഷ്ഠിക്കുകയും വെക്കേഷൻ ബൈബിൾ സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് മികച്ച നേതൃത്വം നൽകുകയും ചെയ്ത അനിത പൗലോസിനെ സൺഡേ സ്കൂൾ പ്രതിനിധികളായ നിജി വർഗീസ്, ഷിജി വിനോദ്, സ്നേഹ സോജി എന്നിവർ ആദരിച്ചു.
മർത്തമറിയം വനിതാസമാജം സെക്രട്ടറി സൂര്യ വെട്ടത്ത്, ഭദ്രാസന വനിതാസമാജം വൈസ് പ്രസിഡന്റായി ഒമ്പതു വർഷം പ്രവർത്തിച്ച ഫാ. എബി പൗലോസിന്റെ സേവനങ്ങളും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന ജീവകാരുണ്യപ്രവർത്തനങ്ങളും അനുസ്മരിച്ചു. മാനേജിംഗ് കമ്മിറ്റി അംഗം സക്കറിയ വർഗീസ് അച്ചന്റെ ഭരണനൈപുണ്യത്തെയും സമർപ്പിതമായ പ്രവർത്തനശൈലിയെയും പ്രശംസിച്ചു.