മിലാന്: ഇതിഹാസ ഇറ്റാലിയന്‍ ഡിഫെന്‍ഡര്‍ ഫ്രാങ്കോ ബറേസി (66) അന്തരിച്ചു. 1982ല്‍ ഇറ്റലി ഫിഫ ലോകകപ്പ് നേടിയപ്പോള്‍ ടീമിലെ നിര്‍ണായക താരമായിരുന്നു ഈ സെന്റര്‍ ഡിഫെന്‍ഡര്‍. 1994 ഫിഫ ലോകകപ്പില്‍ റണ്ണേഴ്സ് അപ്പും 1990ല്‍ മൂന്നാം സ്ഥാനവും നേടിയ ഇറ്റാലിയന്‍ ടീമിലുണ്ടായിരുന്നു.
ക്ലബ് കരിയറില്‍ എസി മിലാനുവേണ്ടി മാത്രമാണ് ബറേസി കളിച്ചത്. 1980- 90 കാലഘട്ടത്തില്‍ മിലാന്റെ ക്യാപ്റ്റനായിരുന്നു. മൂന്ന് യൂറോപ്യന്‍ കപ്പുകളും ആറ് ഇറ്റാലിയന്‍ ലീഗ് കിരീടങ്ങളും എസി മിലാന് സമ്മാനിച്ച നായകന് മണ്മറയുമ്പോള് ഒരു കാലഘട്ടത്തെ ഉരുക്കു പ്രതിരോധക്കോട്ടയുടെ സൗന്ദര്യംകൂടി അസ്തമിച്ചു.
പൗളൊ മാൾദീനി, മൗറോ ടാസോട്ടി, അലസാന്‍ഡ്രോ കോസ്റ്റാകുര്‍ട്ട എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ഒരു കാലഘട്ടത്തില്‍ യൂറോപ്പിലെ എല്ലാ സ്ട്രൈക്കര്‍മാരും ഭയപ്പെട്ടിരുന്ന പ്രതിരോധനിര ബറേസി കെട്ടിപ്പടുത്തു.
ഇറ്റലിയുടെ ദേശീയ ടീമിനായി 81 മത്സരങ്ങളില്‍ പ്രതിരോധകോട്ട തീര്‍ത്ത ബറേസി ക്ലബ് കരിയറില്‍ 719 മത്സരങ്ങളില്‍ പന്ത് തട്ടി. രാജ്യാന്തര കരിയറില്‍ ഒരു ഗോളും ക്ലബ്ബിനായി 33 ഗോളും സ്വന്തമാക്കി. 1997ല്‍ പ്രഫഷണല്‍ ഫുട്ബോളില്‍നിന്നു വിരമിച്ചു.
1960 മേയില്‍ ലോംബാര്‍ഡിയില്‍ ജനിച്ച ഫ്രാന്ചിനോ ‘ഫ്രാങ്കോ' ബറേസി 1974ല്‍ എസി മിലാന്റെ യൂത്ത് ടീമില്‍ ചേര്‍ന്നു. 18-ാം വയസില്‍ ടീമിലെ സ്ഥിരം അംഗമായും 22-ാം വയസില്‍ ക്യാപ്റ്റനായും മാറി.
മികച്ച സാങ്കേതികത്തികവ്, എതിരാളികളുടെ നീക്കങ്ങള്‍ മുന്‍കൂട്ടി കാണാനുള്ള കഴിവ്, ടാക്ലിംഗ് മികവ്, നേതൃപാടവം എന്നിവയാല്‍ ശ്രദ്ധിക്കപ്പെട്ടു. 20-ാം നൂറ്റാണ്ടിലെ മികച്ച 100 ഫുട്ബോള്‍ താരങ്ങളുടെ പട്ടികയില്‍ 15-ാം സ്ഥാനത്തുണ്ടായിരുന്നു.