തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തുനിന്ന് ട്രെയിൻ മാർഗം ചരക്കുനീക്കം തുടങ്ങുന്നതോടെ ഏതു സംസ്ഥാനത്തും കുറഞ്ഞ ചെലവിൽ സാധനങ്ങൾ എത്തിക്കാനാകുമെന്നതാണു പ്രധാന നേട്ടമായി കരുതുന്നത്.
വിദേശരാജ്യങ്ങളിൽനിന്നു തുറമുഖത്ത് എത്തിക്കുന്ന ചരക്കുകൾ രാജ്യത്ത് എവിടെയും വേഗത്തിൽ നീക്കാനാകും. ഇതിനാണ് വിഴിഞ്ഞം തുറമുഖവും ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിച്ചു റെയിൽ കണക്ടിവിറ്റി സ്ഥാപിക്കാൻ ഭൂമി ഏറ്റെടുക്കുന്ന തിന് സംസ്ഥാന സർക്കാർ വേഗത്തിൽ വിജ്ഞാപനം ഇറക്കിയത്.
ഇതോടെ ബാലരാമപുരം റെയിൽവേ സ്റ്റേഷൻ പ്രധാന ഹബായി മാറും.
തൊഴിൽ വ്യവസായ സാധ്യതകളും കൂടും. രാജ്യത്തെവിടെനിന്നും കയറ്റുമതി ചെയ്യേണ്ട ഉത്പന്നങ്ങളും സാധനങ്ങളും ചെലവു കുറച്ചു വേഗത്തിൽ തുറമുഖത്ത് എത്തിക്കാനുമാകും.
ചരക്കുമായി കണ്ടെയ്നറുകൾ റോഡ് നിറഞ്ഞു നീങ്ങുന്നതുവഴിയുണ്ടാകുന്ന ഗതാഗതക്കുരുക്കും ഒരുപരിധി വരെ കുറയ്ക്കാൻ ട്രെയിൻ മാർഗമുള്ള ചരക്കുനീക്കം സജീവമാകുന്നതോടെ സാധിക്കും.
ഉദാഹരണത്തിന്, കശുവണ്ടി വ്യവസായത്തിനുള്ള അസംസ്കൃത വസ്തുവായ തോട്ടണ്ടി ആഫ്രിക്കയിൽനിന്ന് വിഴിഞ്ഞം തുറമുഖത്ത് എത്തിച്ചാൽ ട്രെയിലറിൽ കൊല്ലത്തെ ഫാക്ടറികളിലേക്ക് കൊണ്ടുപോകുന്നതിനു പകരം ട്രെയിൻ മാർഗം വിഴിഞ്ഞത്തുനിന്നു തന്നെ ഇതു കൊല്ലത്ത് എത്തിക്കാനാകും. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനൊപ്പം ചെലവു കുറച്ചും സാധനം എത്തിക്കാനാകും.
നിർമാണ സാമഗ്രികൾ അടക്കം കുറഞ്ഞ ചെലവിൽ എല്ലാ സംസ്ഥാനങ്ങളിലും വിഴിഞ്ഞം തുറമുഖത്തുനിന്നു കൊണ്ടുപോകാൻ കഴിയുമെന്നും തുറമുഖ അധികൃതർ പറയുന്നു. ഇതിന്റെ റെയിൽ കണക്ടിവിറ്റി സ്ഥാപിക്കാനാണ് 2.31 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നത്. തുടർന്ന് നിർമാണത്തിനായി ഡിഎംആർസി അടക്കമുള്ള സ്ഥാപനങ്ങളിൽനിന്നു ടെൻഡർ ക്ഷണിച്ചാകും നിർമാണപ്രവർത്തനവുമായി മുന്നോട്ടു പോകുക.