പാരീസ്: മുൻ ഫ്രഞ്ച് പ്രധാനമന്ത്രി ലയണൽ ജോസ്പിൻ (88) അന്തരിച്ചു. തൊഴിൽ സമയം ആഴ്ചയിൽ 35 മണിക്കൂറായി നിജപ്പെടുത്തിയ സോഷ്യലിസ്റ്റ് പ്രധാനമന്ത്രിയായിരുന്നു ജോസ്പിൻ. 1997ൽ ഫ്രാൻസിന്റെ പ്രധാനമന്ത്രിയായ ജോസ്പിൻ 2002വരെ പദവിയിൽ തുടർന്നു.
യാഥാസ്ഥിതികനായ പ്രസിഡന്റ് ജാക് ഷിറാക്കിന്റെ കീഴിൽ വിശാല ഇടതുപക്ഷ സർക്കാരിനെ അദ്ദേഹം നയിച്ചു. പ്രധാനമന്ത്രിയെന്ന നിലയിൽ, ബ്രിട്ടൻ അക്കാലത്ത് സ്വീകരിച്ച സ്വതന്ത്ര വിപണി പരിഷ്കാരങ്ങളിലേക്കു ഫ്രഞ്ച് ഇടതുപക്ഷം മാറുന്നതിനെ ജോസ്പിൻ ചെറുത്തു.
ലൈംഗികന്യൂനപക്ഷങ്ങൾ, സ്വവർഗ ദമ്പതികൾ എന്നീ വിഭാഗങ്ങൾക്ക് സിവിൽ യൂണിയനുകൾ സ്ഥാപിച്ചു. ആഴ്ചയിലെ ജോലി സമയം 39 മണിക്കൂറിൽനിന്ന് 35 മണിക്കൂറായി കുറച്ചത് അദ്ദേഹത്തിന്റെ ഭരണകാലത്തെ സുപ്രധാന തീരുമാനമായിരുന്നു.
2002ലെ പ്രസിഡന്റ് വോട്ടെടുപ്പിന്റെ ആദ്യ റൗണ്ടിൽ ലെ പെന്നിനോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയതിനു ശേഷം അദ്ദേഹം രാഷ്ട്രീയം ഉപേക്ഷിച്ചു.