കോതമംഗലം: ഭൂതത്താൻകെട്ട് ഡാമിൽനിന്ന് നേര്യമംഗലം വരെ ഡിസംബർ ഒന്നു മുതൽ ബോട്ട് സർവീസ് ആരംഭിക്കുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ അറിയിച്ചു. പ്രദേശത്തെ വിനോദസഞ്ചാര സാധ്യതകൾക്ക് കൂടുതൽ ഉണർവേകുന്ന പദ്ധതിയാണിത്. ഇതിനായി ഡാമിൽ വെള്ളം ക്രമീകരിക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ടെന്ന് കോതമംഗലം താലൂക്ക് വികസനസമിതി യോഗത്തിൽ എംഎൽഎ വ്യക്തമാക്കി. ബോട്ടുകളുടെ ഫിറ്റ്നസ് ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങളും വേഗത്തിലാക്കും.
ഭൂതത്താൻകെട്ട് ഉദ്യാനത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ഡിസംബറിൽ ആരംഭിക്കുമെന്നും അറിയിച്ചു. കക്കടാശേരി മുതൽ നേര്യമംഗലം വരെയുള്ള ദേശീയപാതയുടെ ഇരുവശങ്ങളിലുമുള്ള ഓടകളുടെ നിർമാണവും സ്ലാബ് ഇടുന്ന പ്രവൃത്തികളും എത്രയും വേഗം പൂർത്തിയാക്കാൻ എൻഎച്ച്എഐ അധികൃതർക്ക് നിർദേശം നൽകി. റോഡ് വികസനത്തിന്റെ ഭാഗമായി പൊളിച്ചുനീക്കിയ വെയ്റ്റിംഗ് ഷെഡിന് പകരം പുതിയത് സ്ഥാപിക്കുന്നതിനുള്ള നടപടികളും ആരംഭിക്കും.
പട്ടയ വിതരണവുമായി ബന്ധപ്പെട്ട് സംയുക്ത പരിശോധന പുനരാരംഭിക്കുന്നതിനുള്ള സർക്കാർ ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് ജോയിന്റ് വെരിഫിക്കേഷൻ നടപടികൾ വീണ്ടും തുടങ്ങുമെന്നും അറിയിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു, വൈസ് ചെയർമാൻ പ്രിൻസ് വർക്കി തുടങ്ങിയവരും പങ്കെടുത്തു.