ന്യൂഡല്‍ഹി: വന്ദേമാതരത്തിന്റെ പൂര്‍ണരൂപം (ആറു ചരണങ്ങള്‍) ആലപിക്കുന്നത് നിര്‍ബന്ധമാക്കുന്നതിനെതിരായ ഹര്‍ജികളില്‍ കേന്ദ്രത്തിന്റെ പ്രതികരണം തേടി സുപ്രീംകോടതി നോട്ടീസയച്ചു.
2026 ജനുവരി 28നും ജൂലൈ ഒമ്പതിനും കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവുകളെ ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ പരിഗണിച്ചാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.
ആറു ചരണങ്ങളുള്ള വന്ദേമാതരത്തിന്റെ പൂര്‍ണമായ പതിപ്പ് നിര്‍ബന്ധമാക്കുന്നത് മതനിരപേക്ഷതയുടെയും സാഹോദര്യത്തിന്റെയും ഭരണഘടനാമൂല്യങ്ങൾ ലംഘിക്കുന്നതും സാമുദായിക വിഭജനം വര്‍ധിപ്പിക്കുന്നതുമാണെന്നാണ് ഹര്‍ജിക്കാരുടെ പ്രധാന വാദം. ഹര്‍ജിക്കാര്‍ക്കുവേണ്ടി ഡോ. ജി മോഹന്‍ ഗോപാല്‍ ഹാജരായി.
വന്ദേമാതരത്തിന്റെ പൂര്‍ണരൂപത്തെ മതപരമായ യുദ്ധഗാനം എന്നു വിശേഷിപ്പിച്ചുകൊണ്ട് കേരളത്തില്‍നിന്നുള്ള മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളുമായ ബാലകൃഷ്ണന് സത്യഭാമ മാവോജിയാണ് ഒരു ഹര്ജിക്കാരന്.
വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിക്കണമെന്ന ഉത്തരവുകളെ ഇസ്ലാമികഭയമെന്നു വിശേഷിപ്പിച്ച് ബുദ്ധമത വിശ്വാസിയും അംബേദ്കറൈറ്റ് പ്രവര്‍ത്തകനും ഓള് ഇന്ത്യ ബാക്ക്വേഡ് ആന്‍ഡ് മൈനോറിറ്റി കമ്യൂണിറ്റീസ് എംപ്ലോയീസ് ഫെഡറേഷന്റെ (ബാംസെഫ്) മുന്‍ ദേശീയ പ്രസിഡന്റുമായ ബിഡി ബോര്കറാണു രണ്ടാമത്തെ ഹര്ജിക്കാരന്.