തിരുവനന്തപുരം: കേരളം ധാരണാപത്രം ഒപ്പിട്ട പിഎം ശ്രീ പദ്ധതിയിൽ തുടർനടപടി സ്വീകരിച്ചില്ലെങ്കിൽ സമഗ്രശിക്ഷാ പദ്ധതിയിലെ ഫണ്ട് സംസ്ഥാനത്തിനു ലഭിക്കില്ലെന്നു വ്യക്തമാക്കി കേന്ദ്രസർക്കാർ.
ധാരണാപത്രം നേരത്തേ ഒപ്പിട്ടതിനാൽ കേരളം പിഎം ശ്രീ പദ്ധതിയുടെ ഭാഗമാണെന്നും സ്കൂളുകൾ തെരഞ്ഞെടുത്തു നൽകാനുള്ള നടപടി സ്വീകരിക്കണമെന്നും കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി നിർദേശിച്ചു.
പദ്ധതിയുമായി മുന്നോട്ടു പോയില്ലെങ്കിൽ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പരിധിയിൽ വരുന്ന സൗജന്യ യൂണിഫോം, പാഠപുസ്തകം എന്നിവയ്ക്കുള്ള പണം ഒഴികെ മറ്റൊന്നും ലഭിക്കാത്ത സാഹചര്യം കേരളത്തിനുണ്ടാകും. ഡൽഹിയിലെത്തി കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി ടി.കെ. അനിൽകുമാറിനെ കണ്ട എസ്എസ്കെ (സമഗ്ര ശിക്ഷാ കേരളം) ഡയറക്ടർ ഡോ.കെ. മോഹൻകുമാറിനെയാണ് ഇക്കാര്യം അറിയിച്ചത്.
രാഷ്്ട്രീയ എതിർപ്പിനെത്തുടർന്നു പിഎം ശ്രീ പദ്ധതിയിൽ തുടർനടപടി സ്വീകരിക്കാൻ കഴിയാതെ സംസ്ഥാന സർക്കാർ പകച്ചുനിൽക്കുന്പോഴാണ്, സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയ്ക്കുള്ള കേന്ദ്രഫണ്ടുകൾ ലഭിക്കില്ലെന്ന മുന്നറിയിപ്പു കേന്ദ്രസർക്കാർ കേരളത്തിനു നൽകിയത്. സൗജന്യ യൂണിഫോമിനും പാഠപുസ്തകത്തിനുമുള്ള കേന്ദ്രവിഹിതത്തിലെ ആദ്യഗഡുവായ 106 കോടി രൂപ അനുവദിക്കാനുള്ള നടപടി സ്വീകരിച്ചതായി സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു.
സമഗ്രശിക്ഷാ പദ്ധതിയിലെ ഫണ്ട് അനുവദിക്കുന്ന മറ്റു ഘടകങ്ങൾക്കുള്ള തുകയെല്ലാം ദേശീയ വിദ്യാഭ്യാസ നയവുമായി (എൻഇപി) ബന്ധപ്പെടുത്തിയതാണെന്നും നയത്തിന്റെ ഭാഗമായി പിഎം ശ്രീയിൽ തുടർനടപടി സ്വീകരിച്ചില്ലെങ്കിൽ ഈ പണമൊന്നും നൽകാനാകില്ലെന്നുമാണ് കേന്ദ്ര നിലപാട്. പിഎം ശ്രീയിൽ തുടർനടപടികൾക്കു നിർദേശം നൽകാൻ സംസ്ഥാന സർക്കാരിന് വീണ്ടും കത്തയയ്ക്കാൻ വകുപ്പിലെ അഡീഷണൽ സെക്രട്ടറിക്ക് നിർദേശവും നൽകി.
പണം അനുവദിക്കണം: എസ്എസ്കെ ഡയറക്ടർ
പിഎം ശ്രീയുടെ കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ നയപരമായ തീരുമാനം നിശ്ചയിക്കാൻ മന്ത്രിസഭാ ഉപസമിതി രൂപവത്കരിച്ചിട്ടുണ്ടെന്ന് എസ്എസ്കെ ഡയറക്ടർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തെ അറിയിച്ചു.
സൗജന്യ യൂണിഫോം, പാഠപുസ്തകം എന്നിവയ്ക്കുള്ള ഫണ്ടിനൊപ്പം ഭിന്നശേഷി വിദ്യാർഥികളുടെ പഠന സഹായത്തിനുള്ള വിഹിതവും അനുവദിക്കണമെന്ന് ഡയറക്ടർ ആവശ്യപ്പെട്ടു. പദ്ധതിയിൽ ചേരുന്നതു വഴി കേന്ദ്ര സർക്കാർ തയാറാക്കിയ പാഠ്യപദ്ധതി പിന്തുടരണമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് കേന്ദ്ര സെക്രട്ടറി, എസ്എസ്കെ ഡയറക്ടറോടു പറഞ്ഞു.