തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനത്തിന് ഇനി പിൻമാറാൻ സാധിക്കില്ലെന്ന് മന്ത്രി എൻ.ഷംസുദ്ദീൻ. കരാറിൽ നിന്ന് പിൻമാറാൻ കേന്ദ്രസർക്കാരിന് മാത്രമേ അവകാശമുള്ളൂവെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. ചോദ്യോത്തര വേളയിൽ പ്രവീൺകുമാർ എംഎൽഎ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ഏകപക്ഷീയമായ ഈ പദ്ധതിയിൽനിന്ന് കേരളം ഇപ്പോൾ പിന്മാറിയാൽ പല ഇനത്തിലായി രണ്ടായിരം കോടി രൂപയോളം നഷ്ടമാകുന്ന സ്ഥിതിയാണുള്ളതെന്നും മന്ത്രി സഭയെ അറിയിച്ചു. പദ്ധതി പ്രകാരം സംസ്ഥാനത്തെ 152 ബ്ലോക്കുകളിലെ 304 സ്കൂളുകൾക്ക് ഒരുകോടി രൂപവീതം മൂന്നുവർഷത്തേക്കാണ് ലഭിക്കുക.
ഇതുവഴി തൊള്ളായിരം കോടിയിൽപരം രൂപയാണ് സ്കൂളുകളുടെ വികസനത്തിനായി സംസ്ഥാനത്തിന് ലഭിക്കേണ്ടത്. എന്നാൽ പദ്ധതിയിൽനിന്ന് പിന്മാറിയാൽ ഈ തുക ലഭിക്കില്ലെന്ന് മാത്രമല്ല, ഇതിന്റെ പേരിൽ അന്യായമായി മറ്റു കേന്ദ്രഫണ്ടുകൾ കൂടി കേന്ദ്രം തടഞ്ഞുവെക്കാൻ സാധ്യതയുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കേന്ദ്രസർക്കാർ ഇത്തരത്തിൽ ഫണ്ടുകൾ തടഞ്ഞുവെക്കുന്നു എന്നത് ഒരു വസ്തുതയാണ്. കഴിഞ്ഞ സർക്കാർ ഈ പദ്ധതിയിൽ ഒപ്പിടാൻ നിർബന്ധിതമായതുതന്നെ ഇത്തരത്തിൽ വരാനുള്ള മറ്റ് കേന്ദ്ര ഫണ്ടുകൾ പ്രതീക്ഷിച്ചുകൊണ്ടുതന്നെയാണ്. സംസ്ഥാനം പിന്മാറിയാൽ സമഗ്ര ശിക്ഷാ കേരളത്തിന് ലഭിക്കാനുള്ള 1150 കോടി രൂപയും കിട്ടാതെ പോകും.
അങ്ങനെവരുമ്പോൾ ഒപ്പിടാത്തതിന്റെ പേരിൽ രണ്ടായിരം കോടിയോളം രൂപ സംസ്ഥാനത്തിന് നഷ്ടമാകുന്ന സ്ഥിതിയുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പിഎം ശ്രീയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ചർച്ചകൾ നടത്തിയതായി അറിയില്ലെന്നും മന്ത്രി പറഞ്ഞു.