ഓപ്പൺഎഐയുടെ ചാറ്റ്ജിപിടി ആളുകളുടെ നിത്യജീവിതത്തിലെ പ്രധാന കൂട്ടുകാരനായി മാറിയ കാലമാണിത്. വ്യക്തിപരമായ മാനസിക വിഷമങ്ങൾ പങ്കുവെക്കുന്നതു മുതൽ ആരോഗ്യപരമായ സംശയങ്ങൾ ചോദിക്കുന്നത് വരെ എഐയോട് തുറന്നുപറയുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവരികയാണ്.
തങ്ങളുടെ വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമല്ലാത്ത രീതിയിൽ എഐയുമായി പങ്കുവെക്കരുതെന്ന് ഒപ്പൺഎഐ തലവൻ സാം ആൾട്ട്മാനു തന്നെ മുന്നറിയിപ്പ് നൽകേണ്ടി വന്നിട്ടുണ്ട്.
എന്നാൽ ഇത്തരം ഗൗരവകരമായ ചർച്ചകൾക്കിടയിലാണ് എഐയെപ്പോലും ആശയക്കുഴപ്പത്തിലാക്കിയ ഒരു രസകരമായ സംഭവം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
ഒരാൾ ചാറ്റ്ജിപിടിയെ പറ്റിക്കാൻ ലക്ഷ്യമിട്ട് നടത്തിയ വേറിട്ട സംഭാഷണമാണ് ഈ തമാശക്ക് പിന്നിൽ. യാതൊരു യുക്തിയുമില്ലാത്ത ഒരു വ്യാജ അടിയന്തരാവസ്ഥ ഉന്നയിച്ചുകൊണ്ട്, താൻ ഒരു സജീവ അഗ്നിപർവ്വതത്തിലേക്ക് വീണുകൊണ്ടിരിക്കുകയാണെന്ന് അയാൾ ബോട്ടിനോട് പറഞ്ഞു.
ആദ്യം ചോദ്യം മനസിലാകാതെ വ്യക്തത വരുത്താൻ ശ്രമിച്ച ചാറ്റ്ജിപിടിയോട്, താൻ ലാവയിലേക്ക് പൂർണമായും വീണു കഴിഞ്ഞെന്നും ഒടുവിൽ താൻ മരിച്ചെന്നും അയാൾ അവകാശപ്പെട്ടു.
ഇല്ലാത്ത ഒരപകടത്തിൽ പെട്ട് മരിച്ചെന്നു പറയുന്നയാളോട് എന്ത് പ്രതികരിക്കണമെന്നറിയാതെ ചാറ്റ്ജിപിടി കുഴയുന്നതാണ് പിന്നീട് കണ്ടത്. ഈ വീഡിയോ നിമിഷങ്ങൾക്കകം ഇന്റർനെറ്റിൽ വൻ ഹിറ്റായി മാറി.
എഐയുടെ നിസഹായത കണ്ട് നിരവധിപ്പേർ തമാശ രൂപേണ ഇത് പങ്കുവെച്ചപ്പോൾ, വികാരങ്ങളും പ്രതികരണങ്ങളും ഒരു മനുഷ്യന്റേതിന് സമാനമായി പ്രകടിപ്പിക്കാൻ എഐക്ക് കഴിയുന്നതിലെ അത്ഭുതവും ചിലർ ചൂണ്ടിക്കാണിച്ചു.