പശ്ചിമേഷ്യൻ രാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യങ്ങൾ ഇന്ധന ലഭ്യതയെ ബാധിക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ശക്തമായതോടെ, പെട്രോൾ പമ്പുകളിൽ അസാധാരണമായ തിരക്കാണ് അനുഭവപ്പെടുന്നത്.
ഇതിനിടയിലാണ് ഇന്ധനം നിറയ്ക്കുന്നതിനായി ഒരു വ്യക്തി നടത്തിയ തികച്ചും വിചിത്രമായ മാർഗം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. വരാനിരിക്കുന്ന ദിവസങ്ങളിൽ ഡീസൽ ക്ഷാമം ഉണ്ടായേക്കുമെന്ന ഭയത്താൽ തന്‍റെ വാഹനത്തിന്‍റെ ടാങ്കിൽ പരമാവധി ഇന്ധനം കൊള്ളിക്കാനുള്ള ശ്രമത്തിലായിരുന്നു ഇയാൾ.
ഒരു വാർത്താ ചാനൽ റിപ്പോർട്ടർ പമ്പിലെ തിരക്കിനെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് ടാങ്കിൽ ഇന്ധനം നിറയ്ക്കുമ്പോൾ വാഹനം ആഞ്ഞു കുലുക്കുകയും അതിനു മുകളിൽ കയറി ചാടുകയും ചെയ്യുന്ന ഒരാൾ ക്യാമറയിൽ പതിഞ്ഞത്. ഇയാളുടെ ഈ പ്രവൃത്തി കണ്ട് അത്ഭുതപ്പെട്ട മാധ്യമപ്രവർത്തക കാരണം തിരക്കിയപ്പോൾ ലഭിച്ച മറുപടി ഏറെ രസകരമായിരുന്നു.
വാഹനം ഇങ്ങനെ കുലുക്കുമ്പോൾ ടാങ്കിനുള്ളിലെ ഇന്ധനം താഴ്ന്നുപോകുമെന്നും കുമിളകൾ മാറുന്നതിലൂടെ ഏഴ് മുതൽ എട്ട് ലിറ്റർ വരെ അധികം ഡീസൽ നിറയ്ക്കാൻ സാധിക്കുമെന്നുമായിരുന്നു ഇയാളുടെ ആത്മവിശ്വാസത്തോടെയുള്ള അവകാശവാദം. പെട്രോൾ പമ്പ് ജീവനക്കാരൻ ഇന്ധനം നിറയ്ക്കുന്നത് തുടരുമ്പോഴും തന്‍റെ വിചിത്രമായ പരീക്ഷണം തുടരുകയായിരുന്നു ഇയാൾ.
ദശലക്ഷക്കണക്കിന് ആളുകൾ കണ്ട ഈ വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്. പണ്ട് കാലത്ത് ദൂരദർശൻ കിട്ടാനായി ആന്‍റിന തിരിക്കുന്നതുപോലെയും ടിവിയിൽ അടിക്കുന്നതുപോലെയുമുള്ള അന്ധവിശ്വാസമാണിതെന്ന് പലരും പരിഹസിക്കുമ്പോൾ, ഇതിന് പിന്നിലെ അപകടങ്ങളെക്കുറിച്ച് വാഹന വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ആധുനിക വാഹനങ്ങളിലെ ഇന്ധന ടാങ്കുകൾ ഇന്ധനം നിറയ്ക്കുമ്പോൾ അതിനുള്ളിലെ വായു തനിയെ പുറന്തള്ളുന്ന തരത്തിലുള്ള വിപുലമായ വെന്‍റിലേഷൻ സംവിധാനങ്ങളോടെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിനാൽ വാഹനം കുലുക്കുന്നത് കൊണ്ട് ടാങ്കിന്‍റെ ഉൾക്കൊള്ളാനുള്ള ശേഷിയിൽ യാതൊരു മാറ്റവും സംഭവിക്കില്ല.
മാത്രമല്ല, ടാങ്കിന്‍റെ നിശ്ചിത ശേഷിയേക്കാൾ കൂടുതൽ ഇന്ധനം നിർബന്ധപൂർവ്വം നിറയ്ക്കാൻ ശ്രമിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തിവെക്കുക. ഇത് വാഹനത്തിന്‍റെ എമിഷൻ കൺട്രോൾ സംവിധാനത്തെയും വേപ്പർ റിക്കവറി സിസ്റ്റത്തെയും തകരാറിലാക്കാൻ സാധ്യതയുണ്ട്.
കൂടാതെ, അമിതമായി ഇന്ധനം നിറയ്ക്കുന്നത് പുറത്തേക്ക് ഒഴുകാനും അത് തീപിടുത്തം പോലുള്ള വലിയ അപകടങ്ങളിലേക്ക് നയിക്കാനും കാരണമായേക്കാം. പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ധന വിതരണം തടസപ്പെടുമെന്ന തരത്തിലുള്ള സോഷ്യൽ മീഡിയ പ്രചാരണങ്ങളിൽ വീഴരുതെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിക്കുന്നുണ്ട്.