ന്യൂഡൽഹി: വരാനിരിക്കുന്ന രാഷ്ട്രീയ വെല്ലുവിളികൾ നേരിടുന്നതിനുള്ള തന്ത്രങ്ങളും പാർട്ടിയുടെ അടിത്തട്ടിലെ സംഘടനാ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തുന്നതും ചർച്ച ചെയ്യാൻ കോൺഗ്രസ് ഉന്നതതല യോഗം ചേർന്നു.
പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറിമാർ, സംസ്ഥാന അധ്യക്ഷന്മാർ, നിരീക്ഷകർ തുടങ്ങിയവർ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്തു.
വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിഷ്കരണമായ എസ്ഐആറിലെ ക്രമക്കേടുകൾക്കെതിരേ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെ ലക്ഷ്യമിട്ടുള്ള തുടർ പ്രതിഷേധങ്ങളും നവംബർ 26ലെ ഭരണഘടനാ ദിനാചരണവുമാണ് യോഗം പ്രധാനമായും ചർച്ച ചെയ്തത്.
ഭരണഘടനാ ദിനത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തെ മറ്റു കക്ഷികളുമായി കൂടിയാലോചിച്ചശേഷം തീരുമാനമെടുക്കുമെന്ന് കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
കഴിഞ്ഞ വർഷം കോൺഗ്രസിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി പ്രതിഷേധറാലികൾ സംഘടിപ്പിച്ചിരുന്നു. എസ്ഐആർ ക്രമക്കേടുകൾ ഉൾപ്പടെയുള്ള വിഷയങ്ങളിൽ തെരഞ്ഞെടുപ്പു കമ്മിഷൻ സംശയനിഴലിലായ സാഹചര്യത്തിൽ ഇത്തവണയും പ്രതിഷേധം ശക്തമാക്കാനാണു പാർട്ടിയുടെ തീരുമാനം.