തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ മത്സരിക്കാൻ ബിജെപി നേതൃത്വത്തെ സന്നദ്ധത അറിയിച്ച് നടനും ബിജെപി നേതാവുമായ ജി. കൃഷ്ണകുമാർ. പ്രവര്‍ത്തനമണ്ഡലം വട്ടിയൂര്‍ക്കാവ് ആണെന്നും അവിടെനിന്ന് മത്സരിക്കാന്‍ ആഗ്രഹമെന്നും കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടി തീരുമാനം ഏതായാലും അനുസരിക്കുമെന്നും കൃഷ്ണകുമാർ നിലപാട് അറിയിച്ചു.
25 കൊല്ലമായി താന്‍ ജീവിക്കുന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. എന്റെ ഓഫീസ് ആണെങ്കിലും എന്റെ വീട് ആണെങ്കിലും ഭാര്യയുടെ വീട് ആണെങ്കിലും വട്ടിയൂര്‍ക്കാവ് മണ്ഡലത്തിനുള്ളിലാണ്. ഏതൊരു പൊതുപ്രവര്‍ത്തകനും അവരുടെ മണ്ഡലത്തില്‍ മത്സരിക്കാനാണ് താത്പര്യം. പിന്നെ പാര്‍ട്ടിയുടെ തീരുമാനം പോലെ ഇരിക്കും കാര്യങ്ങള്‍.
മണ്ഡലത്തിലെ ബൂത്ത് പ്രവര്‍ത്തകര്‍ മുതല്‍ ഓരോ പ്രവര്‍ത്തകരുമായി പാര്‍ട്ടിക്ക് അതീതമായ വ്യക്തിബന്ധമുണ്ട്. പാര്‍ട്ടി മത്സരിക്കാന്‍ പറഞ്ഞാല്‍ അത് ഇരുകൈയും നീട്ടി സ്വീകരിക്കും. ഏത് സീറ്റ് നല്കിയാലും സ്വീകരിക്കും. വട്ടിയൂര്‍ക്കാവിലെ പ്രശ്നങ്ങള്‍ എന്താണെന്ന് അവിടെയുള്ളയാള്‍ എന്ന നിലയില്‍ അറിയാം. വട്ടിയൂര്‍ക്കാവ് സീറ്റ് കിട്ടിയാല്‍ ഏറെ സന്തോഷം- കൃഷ്ണകുമാര്‍ പറഞ്ഞു.
അതേസമയം, വട്ടിയൂർക്കാവിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് കെ.സുരേന്ദ്രനും രംഗത്ത് എത്തിയിട്ടുണ്ട്. തൃശൂരിൽ എം.ടി. രമേശും, കോഴിക്കോട് നോർത്തിൽ നവ്യാ ഹരിദാസും സ്ഥാനാർഥികളാകാനാണ് സാധ്യത.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്തും വി. മുരളീധരൻ കഴക്കൂട്ടത്തും മത്സരിക്കും.