മാന്നാർ: ശുചിമുറിയിൽ വീണ് കാലിന് പരിക്കേറ്റ് പരുമല ആശുപത്രിയിൽ കഴിഞ്ഞിരുന്ന മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി. സുധാകരൻ ആശുപത്രി വിട്ടു.
രണ്ട് മാസത്തെ പൂർണ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഇന്നലെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സുധാകരനെ സന്ദർശിച്ചു. കെപിസിസി അംഗം രാധേഷ് കണ്ണന്നൂർ, മുൻ കെപിസിസി സെക്രട്ടറി മാന്നാർ അബ്ദുൾ ലത്തീഫ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് ജി. സുധാകരൻ കുളിമുറിയിൽ വീണ് കാലിന് മൾട്ടിപ്പിൾ ഫ്രാക്ചർ സംഭവിച്ചത്.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി സജി ചെറിയാൻ, മുൻ മന്ത്രി തോമസ് ഐസക്ക്, എസ്എൻ ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ എന്നിവർ ജി. സുധാകരനെ സന്ദർശിച്ചിരുന്നു.