വാഷിംഗ്ടൺ: ഇറാനെതിരായ യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക നീക്കത്തിന് പിന്നാലെ ആഗോള ഇന്ധന വിപണിയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ജി7 രാജ്യങ്ങൾ രംഗത്ത്. ജി7 രാജ്യങ്ങൾ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആഗോളതലത്തിൽ ഇന്ധന വിതരണം തടസമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സജ്ജമാണെന്ന് ജി7 രാജ്യങ്ങൾ അറിയിച്ചു. ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന ശ്രമങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്നും പ്രസ്താവനയിൽ അറിയിക്കുന്നു.
ജി7 രാജ്യങ്ങളിലെ ധനമന്ത്രിമാരും കേന്ദ്ര ബാങ്ക് ഗവർണർമാരുമാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. വിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ സാങ്കേതികവും നയപരവുമായ നീക്കങ്ങൾ നടത്തുമെന്ന് അവർ അറിയിച്ചു.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് എണ്ണവില കുതിച്ചുയരുന്നത് തടയാൻ എണ്ണശേഖരം വിനിയോഗിക്കുന്ന കാര്യവും ജി7 രാജ്യങ്ങൾ പരിഗണിക്കുന്നുണ്ട്.