Sports
കൊച്ചി: വാടക കുടിശികയെച്ചൊല്ലി കേരള ബ്ലാസ്റ്റേഴ്സും ജിസിഡിഎയും(ഗ്രേറ്റര്‍ കൊച്ചിന് ഡവലപ്മെന്റ് അഥോറിറ്റി) തമ്മിലുണ്ടായ തര്‍ക്കങ്ങള്‍ പരിഹരിച്ചു. ഇതോടെ ഇന്നു നിശ്ചയിച്ച ഐഎസ്എല്‍ മത്സരം തടസങ്ങളില്ലാതെ നടക്കും.
വാടകയും കുടിശികയും അടയ്ക്കാന്‍ ബ്ലാസ്റ്റേഴ്സിനു ജിസിഡിഎ സമയം അനുവദിച്ചതോടെയാണ് പ്രശ്നങ്ങള്‍ക്കു പരിഹാരമായത്.
ഒരാഴ്ചയ്ക്കകം പണം അടയ്ക്കാമെന്ന ഉറപ്പിലാണ് സ്റ്റേഡിയം വിട്ടുനല്‍കാന്‍ ജിസിഡിഎ നിലവില്‍ തീരുമാനിച്ചിട്ടുള്ളത്. പരിഹാരം കണ്ടെത്താനുള്ള ചര്‍ച്ചകളുടെ ഫലമായി ജിസിഡിഎ ചോദിച്ച വാടക നല്കാന് ബ്ലാസ്റ്റേഴ്സ് തയാറാകുകയും ഇന്നലെ ഐഎസ്എല്‍ മത്സരം തടസങ്ങളില്ലാതെ മുന്നോട്ടുപോകുമെന്നും രാത്രി വൈകി ടീം ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.
വാടക നല്‍കാത്തതിനെത്തുടര്‍ന്ന് കലൂര്‍ സ്റ്റേഡിയത്തിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഫീസ് ജിസിഡിഎ അധികൃതര്‍ പൂട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് പ്രീമാച്ച് വാര്‍ത്താസമ്മേളനം ഓണ്‍ലൈനായാണു സംഘടിപ്പിച്ചത്.
Sports
കൊച്ചി: ഞായറാഴ്ച ഐഎസ്എൽ മത്സരം നടക്കാനിരിക്കെ കലൂർ സ്റ്റേഡിയത്തിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഫീസ് പൂട്ടി ജിസിഡിഎ. സ്റ്റേഡിയത്തിൽ മത്സരത്തിന്റെ ഒരുക്കങ്ങൾ നടത്താനെത്തിയ പ്രതിനിധികളെയും ഇറക്കിവിട്ടു.
ജിസിഡിഎ ജീവനക്കാരും, സുരക്ഷാഉദ്യോഗസ്ഥരും ചേർന്നാണ് ബ്ലാസ്റ്റേഴ്സ് പ്രതിനിധികളെ പുറത്താക്കി കെബിഎഫ്സിയുടെ ഓഫീസ് പൂട്ടിയത്. ഇതോടെ ഞായറാഴ്ച മത്സരം നടക്കുമോയെന്നാണ് നിലവിലെ ആശങ്ക.
ആദ്യ ഹോം മത്സരം നടക്കാനിരിക്കെ കേരള ബ്ലാസ്റ്റേഴ്സിന്റെ വാർത്താ സമ്മേളനം ഇന്ന് രാവിലെ വിലക്കിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെത്തിയാണ് പ്രസ് കോൺഫറസ് റൂമിൽ നിന്ന് മാധ്യമപ്രവർത്തകരെയും പ്രതിനിധികളെയും ഇറക്കിവിട്ടത്. പിന്നീട് ഓൺലൈനായിട്ടാണ് വാർത്താസമ്മേളനം നടത്തിയത്.
വാടക തുകയെത്തുടർന്നുള്ള തർക്കമാണ് പുതിയ പ്രതിസന്ധിക്ക് കാരണമായിട്ടുള്ളത്.
Sports
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് നടത്താനിരുന്ന ഔദ്യോഗിക വാര്‍ത്താസമ്മേളനത്തിന് അനുമതി നിഷേധിച്ച് ജിസിഡിഎ. കലൂര്‍ ജെഎല്‍എന്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്ന് നടക്കേണ്ടിയിരുന്ന പ്രീ-മാച്ച് പ്രസ് കോണ്‍ഫറന്‍സ് ആണ് അധികൃതര്‍ തടഞ്ഞത്.
ഞായറാഴ്ച മുംബൈ സിറ്റി എഫ്സിക്കെതിരെ നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി ടീം പരിശീലകനും താരങ്ങളും പങ്കെടുക്കേണ്ടിയിരുന്ന വാര്‍ത്താസമ്മേളനമാണ് അവസാന നിമിഷം മുടങ്ങിയത്. തുടര്‍ന്ന് ഗൂഗിള്‍ മീറ്റിലൂടെയാണ് പ്രസ് കോണ്‍ഫറന്‍സ് നടത്തുന്നത്.
സ്റ്റേഡിയം വാടകയുമായി ബന്ധപ്പെട്ട് ക്ലബ്ബും ജിസിഡിഎയും തമ്മില്‍ കുറച്ചു നാളുകളായി നിലനില്‍ക്കുന്ന തര്‍ക്കമാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് സൂചന. നേരത്തെ വാടക കുറച്ചു നല്കാന് ധാരണയായിരുന്നുവെങ്കിലും വീണ്ടും തുക കൂട്ടിയതാണ് പ്രശ്നത്തിന് കാരണം.
സീസണിലെ ആദ്യ മത്സരത്തിന് തൊട്ടുമുമ്പ് ക്ലബ്ബിനോട് ജിസിഡിഎ സ്വീകരിച്ച ഈ നിലപാടില്‍ ആരാധകര്‍ക്കിടയില്‍ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. മഞ്ഞപ്പട സോഷ്യല്‍ മീഡിയയിലൂടെ അധികൃതര്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
Kerala
കൊച്ചി: കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നവീകരണ പ്രവര്‍ത്തനങ്ങളും പാര്‍ക്കിംഗ് ഗ്രൗണ്ട് നിര്‍മാണം ഉള്‍പ്പെടെയുള്ള ജോലികൾ നിര്‍ത്തിവച്ചിട്ടില്ലെന്ന് ജിസിഡിഎ. സ്പോര്‍ട്സ് കേരള ഫൗണ്ടേഷനില്‍നിന്നു സ്റ്റേഡിയം തിരികെ ഏറ്റെടുക്കുകയാണുണ്ടായത്. ഈ മാസം 20ന് മുമ്പായി നിലവില്‍ ചെയ്തുവരുന്ന ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ സ്പോണ്‍സര്‍ക്കു സമയം അനുവദിച്ചതായും ജിസിഡിഎ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
ഫുട്ബോൾ ലോകകപ്പ് ജേതാക്കളായ അര്‍ജന്റീനയുടെ സൗഹൃദമത്സരത്തിനുവേണ്ടി സ്റ്റേഡിയം നവീകരിക്കാന്‍ സെപ്റ്റംബര്‍ 26 മുതല്‍ നവംബര്‍ 30 വരെയാണു സ്പോര്‍ട്സ് കേരള ഫൗണ്ടേഷന് സ്റ്റേഡിയം ഏറ്റെടുത്തത്. തുടര്‍ന്നു നിര്‍മാണ പ്രവൃത്തികള്‍ക്കായി സ്പോണ്‍സര്‍ക്കു കൈമാറി. സമയപരിധി കഴിഞ്ഞതോടെയാണ് ഇപ്പോള്‍ ജിസിഡിഎ സ്റ്റേഡിയം ഏറ്റെടുത്തിരിക്കുന്നത്. നിലവില്‍ ചെയ്തുവരുന്ന നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ സ്പോണ്‍സറുമായുള്ള ധാരണ പ്രകാരം 20 വരെ സമയം അനുവദിച്ചതായും ജിസിഡിഎ അറിയിച്ചു.
ടര്‍ഫ് നവീകരണം, ഇരിപ്പിട നവീകരണം, പ്രവേശന കവാടനിര്‍മാണം, പാര്‍ക്കിംഗ് പുനരുദ്ധാരണം, ചുറ്റുമതിൽ നിര്‍മാണം, ഫാള്‍ സീലിംഗ്, ടോയ്ലറ്റുകളുടെയും വിഐപി എന്‍ട്രി, പ്ലെയേഴ്സ് റൂം എന്നിവയുടെയും നവീകരണം, ഫ്ളഡ് ലൈറ്റ് മാറ്റി സ്ഥാപിക്കല്‍, ലിഫ്റ്റുകളുടെ അറ്റകുറ്റപ്പണി എന്നിവയായിരുന്നു സ്പോണ്സര് ഏറ്റെടുത്ത നിര്‍മാണപ്രവൃത്തികള്‍. ഇതില്‍ ടര്‍ഫ് അന്താരാഷ്ട്ര നിലവാരത്തില്‍ നവീകരിച്ചിട്ടുണ്ട്. ഒന്നാം നിലയിലെ കസേരകൾ മാറ്റി പുതിയവ സ്ഥാപിച്ചു. വിഐപി ഏരിയയിലെ കസേരകൾ മാറ്റി എച്ച്ഡിപിഇ ഇരിപ്പിടങ്ങള്‍ ഒരുക്കി. നാല് ടോയ്ലറ്റ് ബ്ലോക്കുകളിലും ടീം റൂമുകളിലും പുതിയ ടൈലുകള്‍ പാകി.
ഡ്രെയ്നേജ് ലൈനുകള്‍ പൂര്‍ണമായി വൃത്തിയാക്കി. പ്രവേശനപാതയ്ക്ക് ഇരുവശവുമുള്ള 35 മരങ്ങള്‍ക്കു ചുറ്റുമായി അടിത്തറ കെട്ടി. സ്റ്റേഡിയത്തിനുള്ളിലേക്കുള്ള എന്‍ട്രന്‍സ് ലോബിയുടെ മുന്‍ഭാഗം മനോഹരമാക്കിയിട്ടുണ്ട്. ഫ്ളെഡ് ലൈറ്റിന്റെ നാല് കാലുകളുടെ സ്റ്റീല്‍ ഫ്രെയിം നവീകരിച്ചു. 1.49 കിലോമീറ്റര്‍ നീളം വരുന്ന ചുറ്റുമതിലിന്റെ കിഴക്കുഭാഗത്ത് 348 മീറ്ററും പടിഞ്ഞാറുഭാഗത്ത് 299 മീറ്ററും നിര്‍മിച്ചു.
ശേഷിക്കുന്ന 845 മീറ്റര്‍ ചുറ്റുമതില്‍ നിര്‍മാണമാണ് പൂര്‍ത്തിയാക്കാനുള്ളത്. അതിനു ശേഷമേ പാര്‍ക്കിംഗ് ഗ്രൗണ്ടിന്റെ നിര്‍മാണം തുടരാനാകൂ. ടോയ്ലറ്റ് ബ്ലോക്കുകളിലെ സാനിറ്ററി ഫിറ്റിംഗ്സ് സ്ഥാപിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.
മരങ്ങള്‍ക്കു ചുറ്റും നിര്‍മിച്ച അടിത്തറയില്‍ ഗ്രാനൈറ്റ് സ്ലാബുകള്‍ സ്ഥാപിക്കേണ്ടതുണ്ട്. മെട്രോ സ്റ്റേഷനു സമീപത്തെ പ്രധാന പ്രവേശനകവാടത്തിന്റെ നിര്‍മാണവും പൂര്‍ത്തീകരിക്കാനുണ്ട്.
ഫ്ളഡ് ലൈറ്റുകളിലെ പഴയ ബള്‍ബുകള്‍ മാറ്റി എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കേണ്ടതുണ്ട്. ഈ നിര്‍മാണപ്രവൃത്തികളാണ് 20നു മുന്‍പായി പൂര്‍ത്തീകരിക്കാന്‍ സ്പോണ്‍സര്‍ക്കു സമയം അനുവദിച്ചിട്ടുള്ളത്.
Kerala
കൊച്ചി: സമയപരിധി അവസാനിച്ചതോടെ കലൂര്‍ സ്റ്റേഡിയത്തിലെ നവീകരണ ജോലികള്‍ പാതിവഴിയില്‍ നിർത്തി സ്റ്റേഡിയം ജിസിഡിഎയെ തിരിച്ചേൽപിച്ച് സ്പോണ്സര്. ബാക്കിയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ വ്യക്തത വരുത്താന്‍ ജിസിഡിഎ ഇന്ന് പത്രക്കുറിപ്പ് ഇറക്കും.
അര്‍ജന്റീന ഫുട്ബോൾ ടീമിന്റെ സൗഹൃദ മത്സരത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 26നാണ് സ്പോണ്സര് സ്റ്റേഡിയം ഏറ്റെടുത്തത്. നവംബര്‍ 30നകം നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു സ്പോണ്സര് പറഞ്ഞിരുന്നത്. എന്നാല്‍, സ്റ്റേഡിയത്തിന്റെ ചുറ്റുമതില്‍, പാര്‍ക്കിംഗ്, കവാടത്തിലെ നിര്‍മാണപ്രവൃത്തികള്‍, സ്റ്റേഡിയത്തിനകത്തെ പ്രവര്‍ത്തനങ്ങള്‍ എന്നിവയൊന്നും പൂര്‍ത്തിയായിട്ടില്ല. നിലവില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിയുന്ന അവസ്ഥയിലല്ല സ്റ്റേഡിയം.
ലയണൽ മെസിയെ കൊണ്ടുവരുമെന്നും ഇതിനായി 70 കോടി രൂപ ചെലവില്‍ സ്റ്റേഡിയം പുതുക്കിപ്പണിയും എന്നുമായിരുന്നു സ്പോണ്‍സറുടെ വാഗ്ദാനം. ഇതിനു പിന്നാലെ സ്റ്റേഡിയത്തിന്റെ ചുറ്റുമതില്‍, പുതിയ കവാടം, സീറ്റ് മാറ്റല്‍, വിവിഐപി ഏരിയ പുതുക്കിപ്പണിയല്‍, ഫ്ലഡ് ലൈറ്റ്, ടര്‍ഫ് നവീകരണം അടക്കമുള്ള ജോലികൾ ആരംഭിക്കുകയും ചെയ്തു.
എന്നാല്‍, അര്‍ജന്റീന ടീം കേരളത്തിലേക്ക് എത്തില്ലെന്ന് ഒക്ടോബറില്‍ വ്യക്തമാക്കി. ഇതോടെ നിര്‍മാണപ്രവൃത്തികളില്‍ മെല്ലെപ്പോക്ക് തുടര്‍ന്നു. ഇതിനെതിരേ സ്റ്റേഡിയം കെട്ടിടത്തിലെ കടയുടമകള്‍ രംഗത്തെത്തിയിരുന്നു.
അതേസമയം, പെയിന്റിംഗ് ജോലികളും പുതിയ സീറ്റ് ഘടിപ്പിക്കുന്നതും പകുതിയോളം പൂര്‍ത്തിയായിട്ടുണ്ട്. വ്യക്തമായ കരാര്‍ ഇല്ലാതെയായിരുന്നു സ്റ്റേഡിയം ജിസിഡിഎ സ്പോണ്‍സര്‍ക്കു കൈമാറിയത്. മെസി അടങ്ങുന്ന അര്‍ജന്റീന ടീം കേരളത്തിലേക്കെത്തുമെന്ന സ്പോൺസറുടെ പ്രഖ്യാപനത്തിനു പിന്നാലെയായിരുന്നു ഇത്.
സ്റ്റേഡിയം കൈമാറ്റം പിന്നീട് വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു. ജിസിഡിഎ നേരിട്ട് സ്റ്റേഡിയം കൈമാറിയിട്ടില്ലെന്നും സ്പോര്‍ട്സ് കേരള ഫൗണ്ടേഷന് മുഖേനയാണു കരാറെന്നുമായിരുന്നു ജിസിഡിഎയുടെ വാദം. എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ജിസിഡിഎ പണം ചെലവഴിച്ചതിന്റെ രേഖകള്‍ പിന്നീട് പുറത്തുവന്നിരുന്നു.
കരാര്‍ കാലാവധി അവസാനിച്ചതോടെ സ്റ്റേഡിയം കേരള സ്പോര്‍ട്സ് ഫൗണ്ടേഷന് തിരിച്ചെടുത്തു. പൂര്‍ത്തിയാകാനുള്ള ജോലികളില്‍ ഏതാനും ചിലത് സ്പോണ്സര് ചെയ്യുമെന്നാണു ജിസിഡിഎ അറിയിക്കുന്നത്. ഈ കാര്യങ്ങളിലടക്കം ഇന്നത്തെ പത്രക്കുറിപ്പിൽ വ്യക്തത വരുത്തുമെന്നാണു ജിസിഡിഎ അധികൃതരുടെ പ്രതികരണം.
District News
കൊച്ചി: കലൂര്‍ സ്റ്റേഡിയം നവീകരണത്തിന് ജിസിഡിഎ ഫണ്ടും. നവീകരണ പ്രവര്‍ത്തികള്‍ക്ക് പണം മുടക്കുന്നത് സ്പോണ്സര് മാത്രമാണെന്ന് സര്‍ക്കാരും ജിസിഡിഎയും ആവര്‍ത്തിക്കുന്നതിനിടെയാണ് ഇതുസംബന്ധിച്ച രേഖകള്‍ പുറത്തുവരുന്നത്.
സ്റ്റേഡിയത്തിലെ ഇലക്ട്രിക്കല്‍ ജോലികള്‍ക്കാണ് ജിസിഡിഎ പണം ചെലവഴിക്കുന്നത്. ഇതിനായി ചെയര്മാന് അനുമതി നല്‍കിയിട്ടുണ്ട്. ടെന്ഡന് നടപടികളിലേക്ക് കടന്നതായാണ് വിവരം. ചെയര്‍മാന്റെ അനുമതിക്ക് പുറമേ ജിസിഡിഎ ഭരണസമിതിയുടെ അനുമതികൂടി ഇതിന് ലഭ്യമാകേണ്ടതുണ്ട്. ഇതിനായി കഴിഞ്ഞ യോഗത്തില്‍ സമര്‍പ്പിച്ച അജന്‍ഡയിലാണ് ഇതു സംബന്ധിച്ച വിവരമുള്ളത്.
ഇലക്ട്രിക്കല്‍ ജോലികള്‍ക്കായി 31,84,000 രൂപയാണ് ഡിസിഡിഎ ഇതിനായി ചെലവഴിക്കുന്നത്. നേരത്തെ സ്പോണ്സര് മാത്രമാണ് നവീകരണ പ്രവര്‍ത്തികള്‍ നടത്തുന്നതെന്നാണ് ജിസിഡിഎ ചെയര്‍മാനടക്കം പറഞ്ഞിരുന്നത്. എന്നാല്‍ അര്‍ജന്റീന ടീമിന്റെ സൗഹൃദ മത്സരത്തോടനുബന്ധിച്ച് സ്റ്റേഡിയത്തില്‍ ഇലക്ട്രികല്‍ ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ജിസിഡിഎ പണം ചെലവഴിക്കാന്‍ അനുമതി നല്കിയിട്ടുള്ളതും.
നേരത്തെ സ്പോണ്സര്ക്ക് സ്റ്റേഡിയം കൈമാറിയതില്‍ ജിസിഡിഎയ്ക്ക് പങ്കില്ലെന്ന് ചെയര്മാൻ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നിരുന്നു. സ്പോണ്സര്ക്ക് സ്റ്റേഡിയം കൈമാറിയ കത്തില്‍ ജിസിഡിഎ സെക്രട്ടറി, സ്പോര്‍ട്സ് കേരള ഫൗണ്ടേഷന് ചീഫ് എന്‍ജിനീയര്‍, റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ജനറല്‍ മാനേജര്‍ എന്നിവരാണ് ഒപ്പിട്ടിരിക്കുന്നത്. ജിസിഡിഎ ആണ് ഇതു തയാറാക്കിയിരിക്കുന്നത്.
Kerala
കൊച്ചി: കലൂര്‍ സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട വിവാദം രാഷ്ട്രീയപ്പോരിലേക്ക്. സ്റ്റേഡിയം ഉടമസ്ഥരായ വിശാല കൊച്ചി വികസന അഥോറിറ്റിയും (ജിസിഡിഎ) സിപിഎമ്മും സ്പോണ്‍സറെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിക്കുമ്പോള്‍ മറുവശത്ത് ജിസിഡിഎയ്ക്കും സര്‍ക്കാരിനുമെതിരേ ആരോപണവും പ്രതിഷേധവും ശക്തമാക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും.
നടപടിക്രമങ്ങള്‍ പാലിച്ചാണു സ്പോണ്‍സര്‍ക്കു സ്റ്റേഡിയം നവീകരണത്തിന് വിട്ടുനല്കിയിട്ടുള്ളതെന്നാണ് ജിസിഡിഎയുടെ വിശദീകരണം. കരാര്‍ പൊതുമേഖലാ സ്ഥാപനമായ കേരള സ്പോര്‍ട്സ് ഫൗണ്ടേഷനുമായാണ്. നവീകരണ പ്രവര്‍ത്തനങ്ങളെച്ചൊല്ലി കോണ്‍ഗ്രസും ബിജെപിയും പരസ്യപ്രതിഷേധങ്ങളിലേക്കു കടന്നതോടെയാണ് ജിസിഡിഎയുടെ പ്രതികരണം.
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്നലെ ചേര്‍ന്ന ജിസിഡിഎ എക്സിക്യൂട്ടീവ് യോഗത്തില്‍ വിഷയം ചര്‍ച്ചയായി. ക്രമവിരുദ്ധമായി എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ നവീകരണപ്രവൃത്തിയില്‍ വന്നിട്ടുണ്ടോയെന്നു പരിശോധിക്കാനാണ് ജിസിഡിഎയുടെ നീക്കം. ജിസിഡിഎ എക്സിക്യൂട്ടീവ് യോഗത്തിനു മുന്നോടിയായി ഇന്നലെ രാവിലെ സിപിഎം നേതൃത്വം ജില്ലാ ആസ്ഥാനത്ത് യോഗം ചേര്‍ന്നു.
എന്നാൽ കലൂര്‍ സ്റ്റേഡിയം നവീകരണത്തിനായി കൈമാറിയതില്‍ സ്പോണ്സറുമായി കരാറില്ലെന്ന് ജിസിഡിഎ. കേരള സ്പോര്‍ട്സ് ഫൗണ്ടേഷനാണ് (കെഎസ്എഫ്) ജിസിഡിഎ സ്റ്റേഡിയം നല്‍കിയിട്ടുള്ളത്. കെഎസ്എഫാണ് സ്പോണ്സര്ക്ക് സ്റ്റേഡിയം കൈമാറിയിരിക്കുന്നത്. മാർച്ചില്‍ അര്‍ജന്റീന ഫുട്ബോൾ ടീം വന്നാല്‍ സ്പോണ്സര്ക്ക് സ്റ്റേഡിയം വിട്ടുനല്‍കുമെന്നും ജിസിഡിഎ ചെയര്മാന് കെ. ചന്ദ്രന്‍പിള്ള പറഞ്ഞു.
District News
കൊച്ചി: അര്‍ജന്റീന-ഓസ്ട്രേലിയ സൗഹൃദ ഫുട്ബോള്‍ മത്സരത്തിനു വേദിയാകുന്ന കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ താത്കാലികമായി അടച്ചിടേണ്ടിവരുന്ന കടകള്‍ക്ക് ബദല്‍ സംവിധാനം ഒരുക്കാന്‍ ജിസിഡിഎ. താത്കാലികമായി മാറ്റേണ്ടിവരുന്ന കടകള്‍ക്ക് കലൂരിലെ മാര്‍ക്കറ്റില്‍ സ്ഥലമൊരുക്കാനുള്ള സാധ്യതയാണ് ജിസിഡിഎ തേടുന്നത്. ഇവിടെ ഒഴിഞ്ഞുകിടക്കുന്ന ഷട്ടറുകളില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യം അറിയിക്കുന്നവര്‍ക്ക് സ്ഥലം അനുവദിക്കും.
ഷട്ടറിന്റെ വാടക വ്യാപാരികള്‍ തന്നെയാകും നല്‍കേണ്ടത്. അതേസമയം അടച്ചുപൂട്ടല്‍ കാലയളവിലേക്കുള്ള നഷ്ടപരിഹാരം ജിസിഡിഎയ്ക്കു മുന്നിൽ വ്യാപാരികള്‍ അവതിരിപ്പിച്ചിട്ടുണ്ടെങ്കിലും നഷ്ടപരിഹാരം സംബന്ധിച്ച കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നാണ് ജിസിഡിഎയുടെ വാദം.
ഫിഫ അണ്ടര്‍17 ലോകകപ്പ് മത്സരം നടന്ന സമയത്ത് കോടതി നിര്‍ദേശപ്രകാരം 43 ദിവസത്തെ അടച്ചുപൂട്ടലിന് വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചിരുന്നു. ആ സമയത്ത് നഷ്ടപരിഹാരത്തിനായി സ്പോണ്സര്മാരില് നിന്ന് 25 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് ശേഖരിച്ചിരുന്നു. എന്നാല്‍ കുറച്ച് വ്യാപാരികള്‍ക്ക് മാത്രമാണ് ഗണ്യമായ തുക ലഭിച്ചത്.
കടകള്‍ 29ന് അടയ്ക്കും
അതിനിടെ കെട്ടിടത്തിലെ കടകള്‍ താത്കാലികമായി അടയ്ക്കുന്നതില്‍ തീയതി മാറ്റം. സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ ജിസിഡിഎ ഇന്നു മുതല്‍ കടകള്‍ അടച്ചിടാനാണ് നേരത്തെ വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ജിസിഡിഎ അധികൃതരും വ്യാപാരികളുമായി നടന്ന ചര്‍ച്ചയില്‍ ഈ മാസം 30 മുതല്‍ കടകള്‍ അടയ്ക്കുന്നതിന് തീരുമാനിക്കുകയായിരുന്നു.
നവംബര്‍ 20 വരെ കടകള്‍ താത്കാലികമായി അടച്ചിടും. 29ന് വൈകിട്ടോടെ കടകള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കും. അതേസമയം അടച്ചുപൂട്ടല്‍ കാലാവധി കുറയ്ക്കണമെന്ന് വ്യാപാരികള്‍ ആവസ്യപ്പെട്ടു. നീണ്ട കാലാവധി ഗുരുതര സാമ്പത്തിക പ്രതിസന്ധി തീര്‍ക്കുമെന്നാണ് ഇവരുടെ വാദം.