കൊച്ചി: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ മത്സ്യമേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്കു കൊച്ചിയിലെ ഐസിഎആര്‍-സിഫ്റ്റ് സാങ്കേതിക പിന്തുണ നല്‍കും.
ദ്വീപുകളിലെ പരമ്പരാഗത മത്സ്യ ഉത്പന്നങ്ങളുടെ വികസനത്തിനും മത്സ്യബന്ധന ബോട്ടുകളുടെ രൂപകല്പന ഏകീകരിക്കുന്നതിനുള്ള സാങ്കേതിക സഹായവുമാണ് സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി ആന്‍ഡമാന്‍ നിക്കോബാറിലെ ഫിഷറീസ് വകുപ്പുമായി സിഫ്റ്റ് രണ്ട് കണ്‍സള്‍ട്ടന്‍സി കരാറുകളില്‍ ഒപ്പുവച്ചു.
ആന്‍ഡമാനിലെ രണ്ട് പരമ്പരാഗത മത്സ്യോത്പന്നങ്ങള്ക്കു ഭൗമസൂചികാ പദവി (ജിഐ ടാഗിംഗ്) ലഭ്യമാക്കുന്നതിനുള്ള സാങ്കേതികസഹായം നല്‍കുന്നതാണ് ആദ്യ കരാര്‍.
ശീതീകരിച്ച ആന്‍ഡമാന്‍ കോറല്‍ ട്രൗട്ട് എന്നറിയപ്പെടുന്ന ഡോളര്‍ ഫിഷ്, നിക്കോബാരി തോഹരാംഗോ (പുക നല്കി സംസ്കരിച്ചതും ഉണക്കിയതുമായ മത്സ്യം) എന്നിവയാണ് ഈ ഉത്പന്നങ്ങള്‍. ഇതിന്റെ ഭാഗമായി ഈ ഉത്പന്നങ്ങളിലെ പോഷകഘടകങ്ങള്‍ പരിശോധിക്കുകയും എത്രകാലം കേടുകൂടാതെ സൂക്ഷിക്കാമെന്ന് പഠിക്കുകയും ചെയ്യും.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാനദണ്ഡങ്ങളും തയാറാക്കും. കൂടാതെ പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ക്കും ദളിത് വിഭാഗങ്ങളില്‍പ്പെട്ട ഉത്പാദകര്‍ക്കും സാങ്കേതിക പരിശീലനം നല്‍കും. ഇതിലൂടെ ഉത്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും വിപണിയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കാനും വരുമാനം വര്‍ധിപ്പിക്കാനും സാധിക്കും. രണ്ടാമത്തെ കരാര്‍ മത്സ്യബന്ധന ബോട്ടുകളുടെ രൂപകല്പനയുമായി ബന്ധപ്പെട്ടതാണ്.