തിരുവനന്തപുരം: ഭരണമാറ്റത്തിന്റെ ഫീൽ ഇല്ല, ആറു മാസമായിട്ടും കോൺഗ്രസിനു പദവികളൊന്നുമില്ല, രൂക്ഷവിമർശനവുമായി കെപിസിസി യോഗം. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ അധ്യക്ഷതയിൽ ഓൺലൈനായാണു വെള്ളിയാഴ്ച രാത്രി യോഗം ചേർന്നത്. പരിഗണന മുസ്ലിം ലീഗിനു മാത്രമാണെന്നും കെപിസിസി ഭാരവാഹികളുടെ യോഗത്തിൽ അഭിപ്രായം ഉയർന്നു.
ബോര്‍ഡ്/കോര്പറേഷൻ പദവി വൈകുന്നതിലും വിമര്‍ശനമുയർന്നു. തീരുമാനങ്ങൾ എടുക്കുന്നതിലെ കാലതാമസത്തെ ഒച്ചിന്റെ വേഗമെന്നും യോഗത്തിൽ പരിഹസിച്ചു. ലീഗിൽനിന്നാണ് കോണ്‍ഗ്രസ് പദവികള്‍ അറിയുന്നത്. ആറു മാസമായിട്ടും കോണ്‍ഗ്രസിനു പദവികളായില്ല. ഭരണം മാറിയിട്ടും പദവികളിൽ സിപിഎം നേതാക്കള്‍ തുടരുന്നു. ഭരണമാറ്റത്തിന്റെ ഫീൽ ഇല്ലെന്നും പരാതി ഉയർന്നു. ചില മന്ത്രിമാരുടെ സന്ദര്‍ശനം അറിയുന്നില്ല. ജില്ലകളിൽ നേതാക്കളെ അറിയിക്കുന്നില്ലെന്നാണു പരാതി.
രാജ്മോഹൻ ഉണ്ണിത്താനെതിരേ കാസർഗോഡ് ഡിസിസി പ്രസിഡന്റ് രംഗത്തെത്തിയിരുന്നു. കെപിസിസി ഭാരവാഹീ യോഗത്തിലാണു രൂക്ഷ വിമർശനമുണ്ടായത്. സംസ്ഥാന നേതൃത്വത്തിനെതിരായ ഉണ്ണിത്താന്റെ പരസ്യ പ്രതികരണങ്ങൾക്കെതിരേയാണു വിമർശനം.
കെപിസിസി ഭാരവാഹീ യോഗത്തിൽ ഉണ്ണിത്താനെതിരായ വിമർശനങ്ങൾക്കു പിന്തുണയും ലഭിച്ചു. ബോർഡ്/കോർപറേഷൻ വിഭജനം വൈകിയെന്നു സണ്ണി ജോസഫ് കെപിസിസി ഭാരവാഹീ യോഗത്തിൽ സമ്മതിച്ചു. യുഡിഎഫ് സർക്കാരിനെതിരേയും അടൂർ പ്രകാശ്, സണ്ണി ജോസഫ്, കെ.സി. വേണുഗോപാൽ എന്നിവർക്കെതിരേയും കഴിഞ്ഞ ദിവസങ്ങളിൽ രൂക്ഷമായ വിമർശനമാണു രാജ്മോഹൻ ഉണ്ണിത്താൻ നടത്തിയത്.
ജിഎൻഎ കരാറിൽ വ്യക്തത വേണമെന്നും കോൺഗ്രസ് വക്താക്കൾ ആവശ്യപ്പെട്ടു. മാധ്യമവിഭാഗത്തിന്റെ ചുമതലയുള്ളയാളാണ് ഇക്കാര്യം ഉന്നയിച്ചത്. മാധ്യമചർച്ചകളിൽ പങ്കെടുക്കുന്നത് പ്രതിസന്ധിയാകുന്നുവെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. മുഖ്യമന്ത്രിയും മന്ത്രിയും തമ്മിൽ ഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിൽ ചാനൽ ചർച്ചകൾക്കായി പാനലിസ്റ്റുകളെ നിയോഗിക്കാൻ കഴിയുന്നില്ലെന്നാണു വിശദീകരണം. മുഖ്യമന്ത്രിക്കൊപ്പമാണോ മന്ത്രിക്കൊപ്പമാണോ നിലപാട് സ്വീകരിക്കേണ്ടതെന്ന് ചോദിച്ച അംഗങ്ങളുമുണ്ട്.
മുഖ്യ ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും ഡൽഹിയിലെ വോട്ടർപട്ടികാ പരിഷ്കരണവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്തതിനെതിരേയും സംസ്ഥാന വ്യാപകമായി സമരങ്ങൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.