തിരുവനന്തപുരം: ഹൈ വോള്‍ട്ടേജ് രാഷ്ട്രീയ വിവാദത്തിനു വഴിവച്ച ജിഎന്‍എ വൈദ്യുതിക്കരാറില്നിന്ന് സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രി വി.ഡി സതീശനും പിന്നോട്ട്.
നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്ന് കെഎസ്ഇബി ചെയര്മാന് എന്‍. പ്രശാന്തും ഊര്‍ജ സെക്രട്ടറിയും കണക്കുകള്‍ സഹിതം വിശദീകരണം നല്കിയ പശ്ചാത്തലത്തിലാണ് കരാറില്‍നിന്നുള്ള താത്കാലിക പിന്മാറ്റം.
ഇതോടെ മുന്‍ കെഎസ്ഇബി ചെയര്‍മാനായിരുന്ന എം.ജി. രാജമാണിക്യത്തിന്റെ വൈദ്യുതിക്ഷാമ മുന്നറിയിപ്പില്‍ വിശദമായ പരിശോധനയും അന്വേഷണവും നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. വൈദ്യുതിക്ഷാമം ചൂണ്ടിക്കാട്ടി അടിയന്തരമായി കരാറിനു നീക്കം നടത്തിയതിന്റെ സാഹചര്യം വിശദമായി പരിശോധിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്കി. ഇതോടെ വൈദ്യുതിവാങ്ങല്‍ കരാര്‍ വിവാദം പുതിയ തലത്തിലേക്കു കടന്നു.
രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ട് പരിശോധിക്കും
വൈദ്യുതിക്ഷാമം ചൂണ്ടിക്കാട്ടി എം.ജി. രാജമാണിക്യം നല്കിയ റിപ്പോര്‍ട്ടാണ് പരിശോധനയിലെ പ്രധാന വിഷയം. ഉടന്‍ പുതിയ വൈദ്യുതിക്കരാറില് ഏര്‍പ്പെട്ടില്ലെങ്കില്‍ പവര്‍കട്ട് അനിവാര്യമാകുമെന്നായിരുന്നു റിപ്പോര്‍ട്ടിലെ മുന്നറിയിപ്പ്. എന്നാല്‍, അടുത്ത രണ്ടു മാസത്തേക്ക് പ്രതിസന്ധിയുണ്ടാകില്ലെന്ന പുതിയ വിലയിരുത്തല്‍ ഈ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തെക്കുറിച്ച് ചോദ്യങ്ങളുയര്‍ത്തിയിരിക്കുകയാണ്.
റിപ്പോര്‍ട്ട് തയാറാക്കിയപ്പോള്‍ പരിഗണിച്ച വൈദ്യുതിലഭ്യതാ കണക്കുകള്‍, ആവശ്യകതാ പ്രവചനം, മറ്റ് വൈദ്യുതി സ്രോതസുകളുടെ ലഭ്യത എന്നിവ പരിശോധിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്കി. വൈദ്യുതിക്ഷാമമെന്ന പ്രതീതി സൃഷ്ടിച്ച് കരാറിന് അനാവശ്യ സമ്മര്‍ദം ചെലുത്തിയോ എന്ന ആരോപണവും സര്‍ക്കാര്‍ പരിശോധിക്കും. കരാറുമായി ബന്ധപ്പെട്ട ഫയലുകളും ഉദ്യോഗസ്ഥരുടെ ശിപാര്‍ശകളും സാമ്പത്തിക കണക്കുകളും പരിശോധിച്ചശേഷമായിരിക്കും തുടര്‍നടപടി.
ജിഎന്‍എ കരാറിന്റെ സാമ്പത്തികനേട്ടം, ഹിമാചല്‍ വൈദ്യുതിയുടെ നിരക്ക്, പീക്ക് സമയത്തെ വൈദ്യുതിലഭ്യത എന്നിവയും പരിശോധനയുടെ പരിധിയിലുണ്ട്. വിവാദത്തിനിടെ, കരാര്‍ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നതിനു മുമ്പ് എല്ലാ വശങ്ങളും പരിശോധിക്കാനാണ് സര്‍ക്കാര്‍ നീക്കം.
ഹിമാചലില്‍നിന്ന് കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങിയാല്‍ 2,232 കോടി രൂപയുടെ അധികബാധ്യതയുണ്ടാകുമെന്നു ചൂണ്ടിക്കാട്ടി, യൂണിറ്റിന് 8.63 രൂപ നിരക്കില്‍ ജിഎന്‍എ എനര്‍ജി വഴി വൈദ്യുതി വാങ്ങാന്‍ മുഖ്യമന്ത്രി തീരുമാനമെടുത്തതോടെയാണ് വൈദ്യുതി വാങ്ങല്‍ കരാര്‍ രാഷ്ട്രീയ വിവാദമായത്.
ഹിമാചലില്‍നിന്ന് 14.50 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങുന്നതിനെ വൈദ്യുതിമന്ത്രി സണ്ണി ജോസഫും അന്നത്തെ കെഎസ്ഇബി ചെയര്‍മാനായിരുന്ന എം.ജി. രാജമാണിക്യവും പിന്തുണച്ചപ്പോള്‍, 8.63 രൂപ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കുന്ന ജിഎന്‍എ കരാറിനെയാണ് മുഖ്യമന്ത്രി പിന്തുണച്ചത്.