കൊച്ചി: അഭിഭാഷക കമ്മീഷനുനേരേ അസഭ്യവര്‍ഷം നടത്തിയ ജിഎസ്ടി ഉദ്യോഗസ്ഥനെതിരേ പോലീസ് കേസെടുത്തു.
അഭിഭാഷക കമ്മീഷണറുടെ പരാതിയില്‍ സ്റ്റേറ്റ് ജിഎസ്ടി അസിസ്റ്റന്റ് കമ്മീഷണര്‍ കോട്ടയം കുമരകം സ്വദേശി ബാലഗോപാലിനെതിരേയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത്.
തൃശൂര്‍ കുടുംബക്കോടതിയുടെ നിര്‍ദേശപ്രകാരം കൊച്ചിയിലെ ഫ്ലാറ്റിലെ സ്ഥാവര ജംഗമ വസ്തുക്കള്‍ പരിശോധിക്കാനെത്തിയ അഭിഭാഷക കമ്മീഷനു നേരേയായിരുന്നു ജിഎസ്ടി ഉദ്യോഗസ്ഥന്റെ അസഭ്യവര്‍ഷം.
എറണാകുളം മറൈന്‍ ഡ്രൈവിലെ അബാദ് പ്ലാസ ഫ്ലാറ്റില്‍ അമ്മാവന്റെ പേരിലുള്ള അപ്പാര്‍ട്ട്മെന്റിലാണ് ഉദ്യോഗസ്ഥന് താമസിക്കുന്നത്. കാനഡയില്‍ കഴിയുന്ന അമ്മാവനും ഭാര്യയും തമ്മിലുള്ള വിവാഹമോചന നടപടികള്‍ അവിടെ നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് അമ്മാവന്റെ ഭാര്യ തൃശൂര്‍ കുടുംബക്കോടതിയിലും ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി പരിഗണിച്ചാണു കോടതി ഫ്ലാറ്റ് പരിശോധിച്ചു വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ അഭിഭാഷക കമ്മീഷനെ നിയോഗിച്ചത്.പോലീസ് സുരക്ഷയിലാണ് കമ്മീഷന് പരിശോധനയ്ക്കെത്തിയത്.