ന്യൂഡൽഹി: റിക്കാർഡ് വാഹന വിൽപനയും ചരിത്രത്തിലെ ഏറ്റവുമുയർന്ന ജിഎസ്ടി വരുമാനവുമായി നടപ്പ് സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ രാജ്യത്ത് മിന്നും തുടക്കം. ഒക്ടോബർ മാസത്തിൽ യുപിഐ വഴിയുള്ള പ്രതിദിന പണമിടപാടുകൾ ആദ്യമായി ഒരു ലക്ഷം കോടി രൂപയെന്ന ചരിത്ര നാഴികക്കല്ല് പിന്നിട്ടു.
ആഗോള അനിശ്ചിതത്വങ്ങളും പണപ്പെരുപ്പ ഭീഷണികളും നിലനിൽക്കുമ്പോഴും, ഉത്സവ സീസൺ ഡിമാൻഡും ശക്തമായ ഉപഭോഗവും ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരുന്നതിന്റെ സൂചനകളാണ് ഒക്ടോബറിലെ കണക്കുകൾ വ്യക്തമാക്കുന്നത്.
◄ യുപിഐ ഇടപാടുകളിലും ജിഎസ്ടി വരുമാനത്തിൽ കുതിപ്പ്
ഡിജിറ്റൽ പണമിടപാടുകളിലും രാജ്യം പുതിയ ഉയരങ്ങൾ തൊട്ടു. ഒക്ടോബറിൽ യുപിഐ വഴി 2,550 കോടി ഇടപാടുകളിലായി (25.5 ബില്യൺ) 31.5 ലക്ഷം കോടി രൂപയുടെ ഇടപാടുകൾ നടന്നു. മുൻവർഷത്തെ അപേക്ഷിച്ച് ഇടപാടുകളുടെ എണ്ണത്തിൽ 23 ശതമാനവും മൂല്യത്തിൽ 15.6 ശതമാനവും വർധനവാണുണ്ടായത്. പ്രതിദിന ശരാശരി ഇടപാട് മൂല്യം 1,01,710 കോടി രൂപയായി ഉയർന്നു.
സാമ്പത്തിക ഉണർവിന്റെ മറ്റൊരു പ്രധാന സൂചകമായ മൊത്തം ജിഎസ്ടി വരുമാനം ഒക്ടോബറിൽ 2.31 ലക്ഷം കോടി രൂപയിലെത്തി. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 22.9 ശതമാനത്തിന്റെ വൻ വർധനവാണിത്. കഴിഞ്ഞ നാലു വർഷത്തിനിടയിലെ ഏറ്റവുമുയർന്ന വളർച്ചാ നിരക്കാണിത്. സെപ്റ്റംബറിനെ അപേക്ഷിച്ച് 14.7 ശതമാനം ഉയർച്ചയും രേഖപ്പെടുത്തി. ഇറക്കുമതി വരുമാനത്തിൽ വന്ന 42.2 ശതമാനത്തിന്റെ വർധനവാണ് ജിഎസ്ടി വരുമാനം കുത്തനെ ഉയർത്താൻ സഹായിച്ചത്.
◄ ഗ്രാമീണ സമ്പദ്വ്യവസ്ഥയിൽ ആശങ്ക
നഗര മേഖലകളിലും വ്യാവസായിക രംഗത്തും ഉണർവ് പ്രകടമാണെങ്കിലും ഗ്രാമീണ സമ്പദ്വ്യവസ്ഥയിൽ ചില തിരിച്ചടികൾ പ്രകടമാണ്. മഹീന്ദ്രയുടെ ട്രാക്ടർ വിൽപനയിൽ 13.1 ശതമാനവും എസ്കോർട്ട്സ് കുബോട്ടയുടെ വിൽപനയിൽ 10.92 ശതമാനവും ഇടിവ് രേഖപ്പെടുത്തി.
റാബി സീസണിലെ വിതയ്ക്കൽ ഒക്ടോബർ 26 വരെയുള്ള കണക്കനുസരിച്ച് 36 ശതമാനം കുറഞ്ഞ് 18 ലക്ഷം ഹെക്ടറിലൊതുങ്ങി. കൂടാതെ, അണക്കെട്ടുകളിലെ ജലനിരപ്പ് പത്തു വർഷത്തെ ശരാശരിയേക്കാൾ 18.4 ശതമാനം താഴെയാണെന്നതും ശീതകാല വിളകളെ ബാധിച്ചേക്കാം. മോശം കാലാവസ്ഥ തുടർന്നാൽ നടപ്പ് സാമ്പത്തിക വർഷത്തിൽ കാർഷിക വളർച്ച ഒരു ശതമാനത്തിൽ താഴെയാകുകയോ നെഗറ്റീവ് ആകുകയോ ചെയ്തേക്കാമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
◄ അഞ്ചു ലക്ഷം കടന്ന് പാസഞ്ചർ വാഹനവിൽപന
ചരിത്രത്തിലാദ്യമായി രാജ്യത്തെ പ്രതിമാസ പാസഞ്ചർ വാഹന മൊത്തവിൽപന അഞ്ചു ലക്ഷം യൂണിറ്റ് പിന്നിട്ടു. ഒക്ടോബറിൽ 5.25 ലക്ഷം മുതൽ 5.3 ലക്ഷം വരെ വാഹനങ്ങളാണ് വിറ്റഴിച്ചത്; മുൻവർഷത്തെ അപേക്ഷിച്ച് 12 മുതൽ 13 ശതമാനം വരെ വർധന. മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര, ഹ്യുണ്ടായ്, കിയ തുടങ്ങിയ മുൻനിര കമ്പനികളെല്ലാം റിക്കാർഡ് പ്രതിമാസ വിൽപന രേഖപ്പെടുത്തി.
മാരുതി സുസുക്കി 20.45 ശതമാനം വളർച്ചയോടെ 2.12 ലക്ഷം കാറുകൾ വിറ്റഴിച്ചപ്പോൾ, ടാറ്റ മോട്ടോഴ്സ് 20.87 ശതമാനം വർധനവോടെ 73,894 യൂണിറ്റുകൾ നിരത്തിലിറക്കി. ഇരുചക്ര വാഹന വിപണിയിലും മികച്ച മുന്നേറ്റമുണ്ടായി; ടിവിഎസ് മോട്ടോർ 22.09 ശതമാനവും ഹോണ്ട 11 ശതമാനവും വിൽപന വളർച്ച നേടി.