ഇരിട്ടി: ഓപ്പറേഷൻ ഗജമുക്തിയിലൂടെആറളം ഫാമിൽ നിന്ന് അഞ്ച് ആനകളെ കൂടി കാട്ടിലേക്ക് തുരത്തി. പുനരധിവാസ മേഖല ബ്ലോക്ക് 12ൽ കണ്ടെത്തിയ ആനകളെ താളിപ്പാറയിലൂടെ കോട്ടപ്പാറ വഴിയാണ് വനത്തിലേക്ക് കയറ്റിയത്. ആർആർടി ഡെപ്യൂട്ടി റേഞ്ചർ ഷൈനി കുമാറിന്റെ നേതൃത്വത്തിൽ മണത്തണ, കീഴ്പള്ളി സെക്ഷനിലെ വനപാലകരും ആറളം വന്യജീവി സങ്കേതം ജീവനക്കാരും ചേർന്നുള്ള സംയുക്ത ഓപ്പറേഷനിലൂടെയാണ് കാടുകയറ്റിയത്.
ഓപ്പറേഷൻ ഗജമുക്തി ആരംഭിച്ചതിലൂടെ ഇതിനകം വിവിധ ഘട്ടങ്ങളിലായി 50 ലധികം ആനകളെ ഫാമിൽ നിന്നും പുനരധിവാസ മേഖലയിൽ നിന്നുമായി കാട് കയറ്റിയിരുന്നു. ആനകൾ തിരികെ വരുന്നില്ലെന്ന് ഉറപ്പാക്കാൻ വനാതിർത്തിയിൽ നിരീക്ഷണവും നടത്തുന്നുണ്ട്. എന്നാൽ, ആനമതിൽ നിർമാണം ഇഴഞ്ഞു നീങ്ങുന്ന സാഹചര്യത്തിൽ വനാതിർത്തിയിൽ സ്ഥാപിച്ച താത്കാലിക സൗരോർജ തൂക്കുവേലി തകർത്ത് ആനകൾ തിരികെ എത്തുകയാണ്.
മരങ്ങൾ തള്ളിയിട്ടും മറ്റുമാണ് ആനകൾ തൂക്കുവേലി തകർക്കുന്നത്. കഴിഞ്ഞ ദിവസം 11-ാം ബ്ലോക്ക് കൈതക്കൊല്ലിയിൽ പുനരധിവാസ മേഖലയിൽ താമസിക്കുന്ന കുടുംബത്തിന്റെ കൃഷിയിടത്തിലെ പത്തു തെങ്ങുകൾ ആനകൾ നശിപ്പിച്ചിരുന്നു.
ഇതോടെയാണ് ഒപ്പറേഷൻ ഗജമുക്തി പുനരാരംഭിച്ചത്. ഇന്നലെ ബ്ലോക്ക് ഒന്പത് പുക്കുണ്ട് ഭാഗത്ത് തങ്കച്ചൻ എന്നിവരുടെ വീടിന് സമീപത്തെ ഇഞ്ചക്കാട്ടിൻ ഒരു ആനയെ കണ്ടതോടെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആർആർടി മുന്നറിയിപ്പ് നൽകുകയും പ്രദേശത്ത് പരിശോധന നടത്തുകയും ചെയ്തിരുന്നു.