മൂവാറ്റുപുഴ: നിര്‍മല കോളജ് (സ്വയംഭരണ) ഐയുസിഎഎ സെന്റര്‍ ഫോര്‍ ആസ്ട്രോണമി റിസര്‍ച്ച് ആൻഡ് ഡെവലപ്മെന്റ് (ഐകാര്‍ഡ്), തൊടുപുഴ ന്യൂമാന്‍ കോളജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നിര്‍മല കോളജില്‍ സംഘടിപ്പിച്ച യുവിഐറ്റി, എച്ച്എസ്റ്റി ആൻഡ് ജെഡബ്ല്യുഎസ്റ്റി ഉപയോഗിച്ചുള്ള ഗാലക്റ്റിക് ആസ്ട്രോഫിസിക്സ് ത്രിദിന ശില്പശാല സമാപിച്ചു. ഗാലക്സികളുടെ പഠനത്തിലും ആധുനിക നിരീക്ഷണ ജ്യോതിശാസ്ത്രത്തിലുമുണ്ടായ പുതിയ മുന്നേറ്റങ്ങള്‍ പരിചയപ്പെടുത്തുന്നതിനുമാണ് ശില്പശാല സംഘടിപ്പിച്ചത്.
ഐയുസിഎഎ മുന്‍ ഡയറക്ടര്‍ പ്രഫ. അജിത് കെംഭാവി, പ്രഫ. രഞ്ജീവ് മിശ്ര, പ്രഫ. എ.എന്‍. രാമപ്രകാശ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെ ഡോ. സുധാംശു ബര്‍വേ, ഡോ. കനക് സാഹ, ഡോ. ശ്രീജ എസ്. കാര്‍ത്ത, ഡോ. അന്‍ഷുമാന്‍ ബോര്ഗോഹെയ്ന് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തി.
ശില്പശാലയുടെ പ്രധാന ആകര്‍ഷണമായ മീറ്റ് ദ സയന്റിസ്റ്റ് പരിപാടിയില്‍ വിവിധ സ്കൂളുകളില്‍ നിന്ന് 500 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. പ്രമുഖ ശാസ്ത്രജ്ഞരുമായി നേരിട്ട് സംവദിക്കാനും ജ്യോതിശാസ്ത്ര ഗവേഷണത്തിലെ പുതിയ കണ്ടെത്തലുകള്‍, ഉന്നത പഠന സാധ്യതകള്‍, തൊഴില്‍ അവസരങ്ങള്‍ എന്നിവയെക്കുറിച്ച് അറിയാനും വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിച്ചു.
ശില്പശാലയുടെ ഭാഗമായി നടന്ന ക്ലാസുകളിലും ഹാന്‍ഡ്സ്-ഓണ്‍ പരിശീലന പരിപാടികളിലും വിവിധ കോളജുകളില്‍ നിന്നുള്ള 40 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഗാലക്സി പഠനത്തിനും ജ്യോതിശാസ്ത്ര ഡാറ്റാ വിശകലനത്തിനും ഉപയോഗിക്കുന്ന ആധുനിക ഗവേഷണ രീതികളെക്കുറിച്ചുള്ള പ്രായോഗിക പരിചയം അവര്‍ക്ക് ലഭിച്ചു.