മെക്സിക്കോ സിറ്റി: “ദൈവത്തെയോർത്ത് മനോഹരമായ ഒരു ഗോൾ തരൂ.’’ ലോകമെങ്ങുമുള്ള ഫുട്ബോൾ പ്രേമികളുടെ പ്രാർഥനയുടെ സാഫല്യനിമിഷങ്ങൾ വരവായി. ഫിഫ ലോകകപ്പ് ഫുട്ബോളിന് ഇന്ന് അർധരാത്രി 12.30ന് കിക്കോഫ്. ഉദ്ഘാടനമത്സരത്തിൽ ആതിഥേയരായ മെക്സിക്കോ ദക്ഷിണ കൊറിയയെ നേരിടും.
മൂന്നാം തവണയാണ് ലോകകപ്പ് ഉദ്ഘാടനമത്സരത്തിൽ ആസ്ടെക് സ്റ്റേഡിയം വേദിയാകുന്നത്. ഇത് പുതുചരിത്രം. ടീമുകൾ 32ൽനിന്ന് 48 ആയതാണ് മറ്റൊരു പുതുമ. ജൂലൈ 19ന് ന്യൂജേഴ്സിയിലാണ് ഫൈനൽ.
52 വർഷത്തിനുശേഷം ഹെയ്തിയും കോംഗോയും 40 വർഷത്തിനുശേഷം ഇറാക്കും ലോകകപ്പിനെത്തുന്നു. ഓസ്ട്രിയ, സ്കോട്ലൻഡ്, നോർവേ എന്നിവരും ലോകവേദിയിൽ തിരിച്ചെത്തുകയാണ്. കേപ് വെർദെ, കുറസാവോ, ജോർദാൻ, ഉസ്ബക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ അരങ്ങേറ്റം കുറിക്കും. യുദ്ധത്തിന്റെ മുറിവുകളുമായി ഇറാനും ബൂട്ട് കെട്ടും. ലയണൽ മെസിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും നെയ്മറിനും ഇത് അവസാന ലോകകപ്പ് അരങ്ങാണ്.
ഫുട്ബോൾ ജീവനും ശ്വാസവുമായ ലാറ്റിനമേരിക്കൻ രാജ്യങ്ങൾ മുതൽ ലോകകപ്പിൽ ഇതുവരെ കളിച്ചിട്ടില്ലാത്ത ഇന്ത്യയടക്കമുള്ള രാജ്യങ്ങളും ഇനി ഒരു മാസത്തിലേറെ ഒരു പന്തിനു പിറകെയാണ്. ലോകത്തെ ഒരുമിപ്പിക്കുന്ന മഹത്തായ കായികസംഭവത്തിന് ലോകമൊരുങ്ങിയിരിക്കുന്നു.