റോഡരികിൽ വിൽപ്പനയ്ക്കായി വച്ചിരുന്ന ഗണപതി വിഗ്രഹം പുലർച്ചെ നാലംഗ സംഘം വാഹനത്തിൽ കടത്തിക്കൊണ്ടുപോയി. ബംഗളൂരു ദാസറഹള്ളി മഗാഡി റോഡിൽ തിങ്കളാഴ്ച പുലർച്ചെ മൂന്നേ മുക്കാലോടെയാണ് സിനിമാറ്റിക് മോഡൽ മോഷണം നടന്നത്. സംഭവത്തിന്റെ പൂർണ ദൃശ്യങ്ങൾ സമീപത്തെ സുരക്ഷാ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
ടാറ്റാ എയ്സ് ഗുഡ്സ് വാഹനത്തിലെത്തിയ നാലംഗ സംഘമാണ് മോഷണത്തിന് പിന്നിൽ. റോഡരികിലെ താത്കാലിക പന്തലിൽ സൂക്ഷിച്ചിരുന്ന വിഗ്രഹത്തിന് സമീപം വാഹനം നിർത്തിയ ശേഷം, രണ്ട് പേർ വിഗ്രഹം എടുത്തുയർത്തി വാഹനത്തിന്റെ പിൻഭാഗത്തേക്ക് കയറ്റുകയായിരുന്നു.
നിമിഷങ്ങൾക്കുള്ളിൽ ഇവർ വിഗ്രഹവുമായി സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. ഉത്സവ സീസണുകളിൽ റോഡരികിൽ വിഗ്രഹങ്ങൾ വച്ച് വിൽപ്പന നടത്തുന്ന ചെറുകിട കച്ചവടക്കാരെ വലിയ രീതിയിൽ ആശങ്കയിലാഴ്ത്തുന്നതാണ് ഈ സംഭവം.
മഗാഡി റോഡ് പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷ്ടാക്കൾ സഞ്ചരിച്ച വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ചും സിസിടിവി ദൃശ്യങ്ങൾ മുൻനിർത്തിയുമാണ് പൊലിസ് പരിശോധന പുരോഗമിക്കുന്നത്. പ്രതികളെ ഉടൻ പിടികൂടാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.