അവസാന നിമിഷത്തെ ഫ്ലൈറ്റ് മാറ്റം കാരണം വീട്ടിലെ ഗണപതിപൂജ മുടങ്ങിയ സങ്കടത്തിലായിരുന്ന എയർ ഇന്ത്യ ക്യാബിൻ ക്രൂ അംഗം അനുരാധ സോണിക്ക് ആകാശത്തുനിന്നും ലഭിച്ചത് തികച്ചും അപ്രതീക്ഷിതവും ഭക്തിസാന്ദ്രവുമായ ഒരു അനുഭവമാണ്.
വിനായകചതുർത്ഥി നാളിൽ ഡ്യൂട്ടിയിലായിരുന്ന അനുരാധയെ തേടി 35,000 അടി ഉയരത്തിൽ വെച്ചാണ് അവിസ്മരണീയമായ ആ നിമിഷമെത്തിയത്.
വിമാനത്തിലെ യാത്രക്കാരിലൊരാൾ ഭക്തിപൂർവ്വം കരുതൽ നൽകി കൂടെക്കൊണ്ടുവന്ന ഗണപതി വിഗ്രഹം കണ്ടതോടെയാണ് യാത്രാവേളയിലെ സാഹചര്യം മാറിയത്.
കൃത്യം പൂജാസമയത്ത് തന്നെ വിഗ്രഹത്തിന് മുന്നിൽ തൊഴുതു പ്രാർത്ഥിക്കാനും അനുഗ്രഹം തേടാനും അനുരാധയ്ക്ക് സാധിച്ചു. താൻ എവിടെയായിരുന്നാലും ഭഗവാന്റെ സാന്നിധ്യം കൂടെയുണ്ടാകുമെന്നതിന്റെ തെളിവായിരുന്നു ആ നിമിഷമെന്ന് അവർ ഓർമ്മിക്കുന്നു.
സഹപ്രവർത്തകരുടെ സാന്നിധ്യത്തിൽ നടന്ന ഈ അപൂർവ്വ പ്രാർത്ഥനയുടെ ദൃശ്യങ്ങൾ അനുരാധ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെ നിമിഷനേരം കൊണ്ടാണ് തരംഗമായത്.
ആറര മില്യണിലധികം ആളുകൾ കണ്ട ഈ വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് ആശംസകളുമായി എത്തുന്നത്. നാടെങ്ങും വീടുകളിലും പന്തലുകളിലും ഗണേശോത്സവം ആഘോഷിക്കുന്ന വേളയിലാണ് വിമാനത്തിനുള്ളിലും ഈ വേറിട്ട കാഴ്ച അരങ്ങേറിയത്.