വടക്കാഞ്ചേരി: വിനോദസഞ്ചാരകേന്ദ്രത്തിലേക്കുള്ള റോഡരികിൽ വൻതോതിൽ മാലിന്യംതള്ളിയ നിലയിൽ കണ്ടെത്തി.
ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ വാഴാനിയിലേക്കുള്ള ഓട്ടുപാറ - വാഴാനി റോഡിൽ എങ്കക്കാട് പൊതുശ്മശാനത്തിനു സമീപത്താണ് റോഡരികിൽ വൻതോതിൽ കക്കൂസ് മാലിന്യം ഉൾപ്പടെയുള്ള മാലിന്യക്കവറുകൾ കണ്ടെത്തിയത്. സ്ഥാപനങ്ങളിലെ മാലിന്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഡാം സന്ദർശിക്കാൻ ദിനംപ്രതി നൂറുകണക്കിനു സഞ്ചാരികളാണ് ഇതുവഴി കടന്നുപോകുന്നത്. ഇതിനുമുമ്പും സമാനമായ സംഭവം നടന്നിട്ടുണ്ടെന്ന് സമീപവാസികൾ പറയുന്നു.
രാത്രിസമയങ്ങളിലെത്തുന്ന സാമൂഹികവിരുദ്ധരാണ് ഇതിനുപിന്നിലെന്ന് സംശയം. കുറ്റക്കാരെ കണ്ടെത്തി നിയമപരമായി നടപടി സ്വീകരിക്കണമെന്നും റോഡരുകിലെ മാലിന്യങ്ങൾ ഉടൻ നീക്കംചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.