ന്യൂഡൽഹി: ആഗോള വിപണിയിലെ പ്രതിസന്ധികൾക്കിടയിലും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ പാചകവാതക നിരക്ക് ഇപ്പോഴും വളരെ കുറവാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം. പശ്ചിമേഷ്യൻ സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ തടസങ്ങളും കാരണം രാജ്യാന്തര തലത്തിൽ പാചകവാതക വിലയിൽ വലിയ വർധനവുണ്ടായ സാഹചര്യത്തിലാണ് ആഭ്യന്തര വിപണിയിൽ സിലിണ്ടറിന് 29 രൂപ വർധിപ്പിക്കേണ്ടി വന്നതെന്ന് മന്ത്രാലയം വിശദീകരിച്ചു.
അന്താരാഷ്ട്ര തലത്തിൽ ഒരു ഗാർഹിക സിലിണ്ടർ എത്തിക്കാനുള്ള യഥാർത്ഥ ചെലവ്1,600 രൂപയ്ക്ക് മുകളിലാണ്. എന്നാൽ ഇതിന്റെ വലിയൊരു പങ്ക് സബ്സിഡിയായും നഷ്ടം സഹിച്ചും സർക്കാർ തന്നെയാണ് വഹിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ സൗദി കോൺട്രാക്ട് പ്രൈസ് ഫെബ്രുവരിക്ക് ശേഷം 46 ശതമാനത്തോളം ഉയർന്നതാണ് ഇപ്പോഴത്തെ നേരിയ വിലവർധനവിന് കാരണം. എങ്കിലും സാധാരണക്കാരായ ഉപഭോക്താക്കളെ ആഗോള വിലക്കയറ്റത്തിൽ നിന്ന് പരമാവധി സംരക്ഷിക്കാൻ സർക്കാർ സബ്സിഡി സഹായം തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.