സീതത്തോട്: മൂഴിയാര്‍-ഗവി റോഡില്‍ വാഹനഗതാഗതം പുനരാരംഭിച്ചു. പത്തനംതിട്ട-ഗവി-കുമളി കെഎസ്ആർടിസി ബസുകൾ ഇന്നലെ മുതൽ പതിവ് സർവീസുകൾ ആരംഭിച്ചു. പ്രളയത്തിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് റോഡ് അടച്ചിട്ടിരിക്കുകയായിരുന്നു. മൂഴിയാർ വാൽവ് ഹൗസിനു സമീപമുണ്ടായ മണ്ണിടിച്ചിലാണ് യാത്ര തടസപ്പെടാൻ കാരണമായത്. മണ്ണ് റോഡിൽനിന്നു നീക്കിയെങ്കിലും അപകടസാധ്യത കണക്കിലെടുത്ത് വാഹനഗതാഗതത്തിന് അനുമതി നൽകിയിരുന്നില്ല.
മണ്ണ് പര്യവേക്ഷണ വിഭാഗം, പൊതുമരാമത്ത്, ജില്ലാ ദുരന്തനിവാരണ അഥോറിറ്റി എന്നിവ സംയുക്ത പരിശോധന നടത്തിയശേഷമാണ് വാഹനഗതാഗതത്തിന് അനുമതി നൽകിയത്. മഴ മാറിനിൽക്കുന്നതിനാൽ നിലവിൽ അപകടസാധ്യത ഇല്ലെന്നാണ് വിലയിരുത്തൽ.
ജൂലൈ 31ന് രാത്രിയാണ് കനത്ത മഴയെത്തുടര്‍ന്ന് മൂഴിയാര്‍ നാല്പതേക്കര് കോളനിയില്‍നിന്ന് ഏഴു കിലോമീറ്റര്‍ അകലെയായി കൂറ്റന്‍ മണ്‍കൂന ഇടിഞ്ഞുവീഴുകയും റോഡിന്റെ ഒരു ഭാഗം ഒലിച്ചുപോകുകയും ചെയ്തത്. തുടര്‍ന്ന് ഈ ഭാഗത്തെ മണ്ണ് പൊതുമരാമത്ത് ളാഹ ഉപഡിവിഷന്റെ നേതൃത്വത്തില്‍ ജെസിബി ഉപയോഗിച്ച് നീക്കം ചെയ്തിരുന്നു. ഗവി റൂട്ടിലൂടെ കെഎസ്ആര്‍ടിസി നടത്തിയിരുന്ന മൂന്നു സര്‍വീസുകളും പുനരാരംഭിച്ചു. നിർത്തിവച്ചിരിക്കുന്ന ഗവി ബജറ്റ് ടൂറിസവും കെഎസ്ആർടിസി പുനരാരംഭിക്കും. ഗവിയിലേക്കുള്ള സഞ്ചാരികളെയും കടത്തിവിടാൻ അനുമതിയായിട്ടുണ്ട്.