Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GeorgeKoovakkatt

'ഭീഷണികളിലൂടെയോ ആയുധങ്ങളിലൂടെയോ സമാധാനം സ്ഥാപിക്കാനാവില്ല': കർദിനാൾ ജോർജ് കൂവക്കാട്ട്

ബുവാനോസ് ആരീസ്: മുറിവേറ്റ ലോകത്തിന് സമാധാനത്തിന്‍റെയും പ്രത്യാശയുടെയും വാഹകരായി തീരുവാൻ എല്ലാ മതങ്ങളിലെയും നേതാക്കൾ ഒരുമിച്ചു പ്രവർത്തിക്കണമെന്ന് വത്തിക്കാനിലെ മതാന്തര സംഭാഷണങ്ങൾക്കായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ ജോർജ് ജേക്കബ് കൂവക്കാട്ട്.

അർജന്‍റീനയിലെ ബുവാനോസ് ആരീസിൽ നടക്കുന്ന, "വൈവിധ്യത്തിലെ സംഭാഷണം, സാഹോദര്യത്തിലേക്കുള്ള ഒരു പങ്കിട്ട പാത" എന്ന യോഗത്തിൽ പങ്കെടുത്ത് സന്ദേശം നല്കുകയായിരുന്നു മാർ കൂവക്കാട്ട്.

ലോകം ഇന്ന് യുദ്ധവും സംഘർഷവും അനിശ്ചിതത്വവും അനുഭവിക്കുന്ന സാഹചര്യത്തിൽ പരസ്പര ഭീഷണികളിലൂടെയോ ആയുധങ്ങളിലൂടെയോ സമാധാനം സ്ഥാപിക്കാനാവില്ല. യഥാർഥവും ഉത്തരവാദിത്വമുള്ളതുമായ സംവാദത്തിലൂടെ മാത്രമാണ് സമാധാനത്തിലേക്ക് മുന്നേറാൻ കഴിയുകയെന്നും കർദിനാൾ പറഞ്ഞു.

വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള ബന്ധത്തിൽ മുൻവിധികളും വിവേചനങ്ങളും മാറ്റിവച്ച് പരസ്പരം കേൾക്കാനും ബഹുമാനിക്കാനും തയാറാകണം. വ്യത്യാസങ്ങൾ നിലനിൽക്കുമ്പോഴും മറ്റുള്ളവരെ തുല്യ അവകാശങ്ങൾ ഉള്ള സഹോദരങ്ങളായി അംഗീകരിക്കുകയാണ് സമാധാനത്തിന്‍റെ അടിത്തറയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മതാന്തര സംവാദങ്ങൾ കേവലം വാക്കുകളിലൊതുങ്ങുന്നതല്ലെന്നും അത് ജീവിതത്തിൽ പ്രകടമാകണമെന്നും കർദിനാൾ കൂവക്കാട് വ്യക്തമാക്കി. മതാന്തര സംവാദം ഇന്ന് മുമ്പെങ്ങുമില്ലാത്തവിധം ആവശ്യമാണ്. അക്രമത്തിന് പകരം സമാധാനത്തിന്‍റെ പ്രവർത്തനങ്ങളാണ് ലോകത്തിന് ആവശ്യം. കുടുംബങ്ങളിലും സമൂഹങ്ങളിലും സമാധാനത്തിനായി പാലങ്ങൾ പണിയുകയും മതസ്വാതന്ത്ര്യം, വിവേചനരഹിതമായ സമൂഹം, മനുഷ്യജീവന്‍റെ മഹത്വം, ദുർബലരുടെ സംരക്ഷണം, പൊതുഭവനമായ സൃഷ്ടിയുടെ സംരക്ഷണം എന്നിവയ്ക്കായി കൂട്ടായി പ്രവർത്തിക്കുകയും വേണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Latest News

Corehub Up