കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ നിലവിലെ ജേതാക്കളായ കണ്ണൂര്‍ വാരിയേഴ്സ് എഫ്സി ഗോളടിവീരന് സ്പെയിന് സ്ട്രൈക്കര്‍ ജെറാര്‍ഡ് ആര്ട്ടിഗാസിനെയും മധ്യനിരതാരം ഫ്രെഡറിക് അന്‍സാ ബോട്ട്ച്വേയും ടീമിലെത്തിച്ചു.
ബാഴ്സലോണയുടെ ലാ മാസിയ അക്കാഡമിയിലൂടെ വളര്‍ന്ന ജെറാര്‍ഡ് ആര്‍ട്ടിഗാസിന് സ്പെയിന്, പോളണ്ട്, ഇറ്റലി, ആന്‍ഡോറ, ഇന്തോനേഷ്യ, വിയറ്റ്നാം, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ ലീഗുകളില്‍ കളിച്ച പരിചയമുണ്ട്. കഴിഞ്ഞ സീസണില്‍ ഐ ലീഗ് ക്ലബ് രാജസ്ഥാന് യുണൈറ്റഡിന് വേണ്ടി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. യുഇഎഫ്എ ചാമ്പ്യന്‍സ് ലീഗ്, യുഇഎഫ്എ കോണ്‍ഫറന്‍സ് ലീഗ് യോഗ്യത മത്സരങ്ങളിലും പരിചയസമ്പത്തുണ്ട്.
ഘാന താരം ഫ്രെഡറിക് അന്‍സാ ബോട്ട്ച്വേ ഘാനയിലെ പ്രമുഖ ക്ലബ്ബായ ഹാര്‍ട്ട്സ് ഓഫ് ഓക്ക് എഫ്സിക്കൊപ്പം ഘാന പ്രീമിയര്‍ ലീഗ്, രണ്ട് ഘാന എഫ്എ കിരീടങ്ങൾ നേടിയിട്ടുണ്ട്. ആഫ്രിക്കന്‍ ചാമ്പ്യന്‍സ് ലീഗ്, കോണ്‍ഫറന്‍സ് ലീഗ് എന്നീ മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. എത്യോപ്യ, സിംബാബ്വെ എന്നീ രാജ്യങ്ങളിലും കളിച്ചു.
അതിനിടെ വാരിയേഴ്സിന്റെ പ്രധാന നാല് വിദേശ താരങ്ങള്‍ ടീമിനൊപ്പം ചേർന്നു. കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ മധ്യനിര താരങ്ങളായ അസിയര്‍ ഗോമസ്, ഏണസ്റ്റീന്‍ ലവ്സംബ, ഫ്രെഡറിക് അന്‍സാ ബോട്ട്ച്വേ, പ്രതിരോധ താരം വാരോ അല്‍വാരോ എന്നിവർക്ക് റെഡ് മറൈനേഴ്സ് സ്വീകരണം നല്കി.