ബെർലിൻ: ചാരവൃത്തി ആരോപണത്തിൽ ജര്‍മനിയുടെ മുൻ ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗം മേധാവി അറസ്റ്റിൽ. ജർമൻ ഫെഡറൽ ഇന്റലിജൻസ് സർവീസ് മേധാവിയായിരുന്ന ഓഗസ്റ്റ് ഹാന്നിംഗാണ് (80) അറസ്റ്റിലായത്.
ചാരവൃത്തി, ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തൽ, രാജ്യദ്രോഹശ്രമം എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരേ ചുമത്തിയിട്ടുള്ളതെന്ന് ഫെഡറൽ പ്രോസിക്യൂട്ടറുടെ ഓഫിസ് പ്രസ്താവനയിൽ അറിയിച്ചു. ഇയാളുടെ മുൻ സഹായി മാൻഫ്രെഡ് ഡിയും ഇന്നലെ അറസ്റ്റിലായിരുന്നു. ആർക്കുവേണ്ടിയാണ് ഇവർ ചാരവൃത്തി നടത്തിയതെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
രഹസ്യാന്വേഷണ ഏജൻസിയുടെ ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കേണ്ടിയിരുന്ന അതീവ പ്രാധാന്യമുള്ള 2000ത്തോളം രേഖകൾ ഹാന്നിംഗ് കൈമാറിയതായി കണ്ടെത്തി. ഹാന്നിംഗ് വിരമിച്ച ശേഷം സ്വകാര്യ ഇന്റലിജൻസ്-സെക്യൂരിറ്റി കൺസൾട്ടിംഗ് ഏജൻസി നടത്തിവരികയായിരുന്നു.
ഹാംബർഗ് സ്വദേശിയായ ബിസിനസുകാരി ക്രിസ്റ്റീന ബ്ലോക്കിന്റെ കുട്ടികളെ മുൻ ഭർത്താവ് തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഹാന്നിംഗ് നിരീക്ഷണത്തിലായിരുന്നു.
ആ കേസിലെ അന്വേഷണമാണ് ചൊവ്വാഴ്ചത്തെ അറസ്റ്റിലേക്കു നയിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് ഹാന്നിംഗിന്റെ വസതിയിൽ നടത്തിയ പരിശോധനയിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടികളെന്ന് ഫെഡറൽ പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു.