ബർലിൻ: ജർമനിയുടെ വാഹനകന്പിനിയായ ഫോക്സ്‌വാഗൺ (VW) ഗ്രൂപ്പ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. 2026-ലെ മൂന്നാം പാദത്തിൽ കമ്പനി ഞെട്ടിക്കുന്ന നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മൂന്ന് മാസത്തിനുള്ളിൽ 5.82 ബില്യൺ യൂറോ (ഏകദേശം 53,000 കോടിയിലധികം ഇന്ത്യൻ രൂപ) നഷ്ടമാണ് ഫോക്സ്‌വാഗൺ ഗ്രൂപ്പിന് ഉണ്ടായിരിക്കുന്നത്.
-
പ്രതിസന്ധിയുടെ ആഴം: ചൈനീസ് വിപണിയിലെ വിൽപന ഇടിവ്, അമേരിക്കയുടെ കസ്റ്റംസ് നയങ്ങൾ, കടുത്ത അന്താരാഷ്ട്ര മത്സരം എന്നിവയാണ് ഫോക്സ്‌വാഗണിനെ ഈ വലിയ തകർച്ചയിലേക്ക് നയിച്ചത്. യൂറോപ്പിലെ വാഹന വിപണിയിലെ അമിതമായ ഉൽപദാന ശേഷിയും (Overcapacity) കമ്പനിക്ക് തിരിച്ചടിയായി.
-
തൊഴിൽ മേഖലയിലെ ആശങ്ക: നഷ്ടം നികത്താൻ കമ്പനി നേരത്തെ തന്നെ ചെലവ് ചുരുക്കൽ നടപടികൾ പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി 2028-ഓടെ 20 ശതമാനം ചെലവ് കുറയ്ക്കാനാണ് തീരുമാനം. ഇതിനകം തന്നെ ജർമനിയിലെ പ്രധാന ബ്രാൻഡിൽ 35,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചിരുന്നു. പുതിയ സാഹചര്യത്തിൽ ലോകവ്യാപകമായി 50,000 അധിക തൊഴിലവസരങ്ങൾ കൂടി വെട്ടിക്കുറയ്ക്കുമെന്ന് സൂചനയുണ്ട്.
-
ജർമ്മൻ പ്ലാന്‍റുകൾ ഭീഷണി: ജർമനിയിലെ എമൻ (Emden), സ്വിക്കാവു (Zwickau), ഹാനോവർ (Hannover) തുടങ്ങിയ VW പ്ലാന്റുകളുടെയും നെക്കർസുൽമിലെ (Neckarsulm) ഓഡി (Audi) പ്ലാന്റിന്റെയും ഭാവി 2031-ന് ശേഷം അനിശ്ചിതത്വത്തിലാണ്. ഈ പ്ലാന്‍റുകളിലെ നിലവിലെ ഉൽപാദനം തുടരുന്നതിനുള്ള വ്യക്തമായ പദ്ധതികൾ കമ്പനിയുടെ പക്കലില്ല.
പ്രധാന ജർമൻ ഓട്ടോമൊബൈൽ കമ്പനിയായ മെർസിഡെസ്-ബെൻസും (Mercedes-Benz) സമാനമായ രീതിയിൽ ലാഭത്തിൽ ഇടിവ് നേരിടുന്നുണ്ട്. ചൈനയിലെ വിൽപന 31 ശതമാനം ഇടിഞ്ഞതിനെത്തുടർന്ന് അവർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഈ വൻ നഷ്ടം ഫോക്സ്‌വാഗൺ സിഇഒ ഒളിവർ ബ്ലൂമിനും മാനേജ്മെന്റിനും വലിയ സമ്മർദ്ദമാണ് നൽകുന്നത്. കമ്പനിയെ ഈ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാനായി വലിയൊരു പുനഃസംഘടനയ്ക്ക് (Radical restructuring) അവർ നിർബന്ധിതരാകും. ജർമനിയിലെ തൊഴിൽ വിപണിയെയും വിദേശ തൊഴിലാളികളെയും ഈ സാഹചര്യം വരും നാളുകളിൽ വലിയ തോതിൽ ബാധിക്കുമെന്ന് കരുതുന്നു.