കൊച്ചി: കഴിഞ്ഞ ശബരിമല മണ്ഡല കാലത്ത് അരവണ നിര്‍മാണത്തിനു മില്‍മയില്‍നിന്നു നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട ക്രമക്കേടിലെ വിജിലന്‍സ് അന്വേഷണത്തിന്റെ ഭാഗമായി വിശദമായ ഓഡിറ്റിംഗ് നടത്തും.
നെയ്യ് വാങ്ങിയതു മുതല്‍ ഉപയോഗം വരെയുള്ള വിവരങ്ങള്‍ ഓഡിറ്റിംഗിന് വിധേയമാക്കാനായി സംസ്ഥാന ഓഡിറ്റ് വകുപ്പിനെ ചുമതലപ്പെടുത്തും.
അന്വേഷണം പൂര്‍ത്തിയാക്കാന്‍ കോടതി രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘത്തിന് (എസ്ഐടി) ജസ്റ്റീസ് രാജ വിജയരാഘവന്, ജസ്റ്റീസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് 45 ദിവസംകൂടി സമയം അനുവദിച്ചു.
ഒട്ടേറെപ്പേരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ആരോപണ വിധേയരായ വ്യക്തികളുടെ ഫോണ്‍ വിളി രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കൂടുതല്‍ സമയം അനുവദിക്കണമെന്നുമുള്ള എസ്ഐടി ഉദ്യോഗസ്ഥന്റെ ആവശ്യം പരിഗണിച്ചാണ് കോടതി സമയം നീട്ടി നല്‍കിയത്.
മില്‍മയില്‍ നിന്ന് വാങ്ങിയ നെയ്യ് കൈകാര്യം ചെയ്യുന്നതില്‍ സംശയകരമായ ഒട്ടേറെ സാഹചര്യങ്ങളുണ്ടായിട്ടുണ്ടെന്ന് അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിനൊപ്പം വിജിലന്‍സ് അറിയിച്ചതായി കോടതി ചൂണ്ടിക്കാട്ടി. അന്വേഷണം നടക്കുന്നതിനാല്‍ വിവരങ്ങള്‍ പുറത്തുവിടുന്നില്ലെന്നും വ്യക്തമാക്കി.