കണ്ണൂർ: റോട്ടറി കണ്ണൂർ സെൻട്രലിന്റെ ആഭിമുഖ്യത്തിൽ ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റ്, കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റൽ എന്നിവരുമായി ചേർന്ന് നടത്തുന്ന കുട്ടികളുടെ സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതി ഗിഫ്റ്റ് ഓഫ് ലൈഫിന്റെ പ്രഖ്യാപനം കോഴിക്കോട് ആസ്റ്റർ മിംസ് സിഒഒ ലുഖ്മാൻ പൊൻമാടത്ത് നിർവഹിച്ചു.
നിലവിൽ വിവിധ ജില്ലകളിലെ റോട്ടറി ക്ലബിന്റെയും മറ്റു സന്നദ്ധ സംഘങ്ങളുടെയും സഹായത്തോടെ ഇരുനൂറിൽപരം കുട്ടികൾക്ക് ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിക്കാൻ കോഴിക്കോട് ആസ്റ്റർ മിംസിനു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ബുദ്ധിമുട്ടുന്ന 18 വയസിനു താഴെയുള്ള കുട്ടികളെ തിരികെ ജീവിതത്തിലേക്കെത്തിക്കുക എന്നതാണ് ഈ പദ്ധതി പ്രകാരം ലക്ഷ്യമിടുന്നതെന്ന് ഗിഫ്റ്റ് ഓഫ് ലൈഫ് പ്രോജക്ട് ചെയർമാൻ സുനിൽ കണാരൻ പറഞ്ഞു.
ചടങ്ങിൽ റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ.കെ.പി. അനിൽ കുമാർ, റോട്ടറി ഇമ്മീഡിയറ്റ് പാസ്റ്റ് ഡിസ്റ്റ് ഗവർണർ ഡോ. സന്തോഷ് ശ്രീധർ, ആസ്റ്റർ മിംസ് പീഡിയാട്രിക് കാർഡിയോളജി വിഭാഗം ഡോക്ടർ രേണു പി. കുറുപ്പ്, കാർഡിയാക് സർജന്മാരായ ഡോ.ഗിരീഷ് വാരിയർ, ഡോ. ശബരീനാഥ് മേനോൻ, റോട്ടറി കണ്ണൂർ സെൻട്രൽ ചാർട്ടർ പ്രസിഡന്റ് അനന്തനാരായണൻ, മുൻ പ്രസിഡന്റ് രാജേഷ് അലോറ, ഗിഫ്റ്റ് ഓഫ് ലൈഫ് പ്രോജക്ട് സെക്രട്ടറി ആർ. വിനോദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.