ഡെറാഡൂൺ: ഉത്തരാഖണ്ഡ് വനിതാ ശാക്തീകരണ-ശിശുവികസന വകുപ്പ് മന്ത്രി രേഖ ആര്യയുടെ പരാതിയിൽ ഭർത്താവിനെ പൊലിസ് അറസ്റ്റ് ചെയ്തു. മർദനം, വഞ്ചന, ജാതി അധിക്ഷേപം, കൊലപാതക ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് ഗിർധാരി ലാൽ സാഹുവിനെ അറസ്റ്റ് ചെയ്തത്. സാഹുവിനെതിരെ നേരത്തെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു.
ഡെറാഡൂണിലെ കാന്റ് പൊലിസ് കഴിഞ്ഞ 15ന് എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ സാഹു ഒളിവിൽ പോയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഉത്തർപ്രദേശിലെ ഝാൻസിയിൽ നിന്ന് ഇയാളെ പിടികൂടിയത്. ആദ്യ വിവാഹവും അതിലുള്ള മക്കളെയും കുറിച്ചുള്ള വിവരം മറച്ചുവെച്ചാണ് തന്നെ വിവാഹം കഴിച്ചതെന്നാണ് രേഖ ആര്യയുടെ പ്രധാന ആരോപണം. തനിക്ക് മക്കൾ ജനിച്ചതിന് ശേഷമാണ് ഭർത്താവിന്റെ ആദ്യ വിവാഹത്തെക്കുറിച്ച് അറിഞ്ഞതെന്നും പരാതിയിൽ പറയുന്നു.
ജീവനക്കാരുടെ സാന്നിധ്യത്തിൽ ഭർത്താവ് ജാതി അധിക്ഷേപം നടത്തിയെന്നും തന്റെ അറിവോ സമ്മതമോ കൂടാതെ നാല് കമ്പനികളിലെ ഡയറക്ടർ സ്ഥാനത്തുനിന്ന് തന്നെ നീക്കാൻ ഗൂഢാലോചന നടത്തിയെന്നും മന്ത്രി ആരോപിച്ചിട്ടുണ്ട്. എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഭർത്താവ് തന്നെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തുന്നതായി ആരോപിച്ച് രേഖ ആര്യ സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചിരുന്നു. സാഹുവിന്റേതെന്ന് അവകാശപ്പെടുന്ന ശബ്ദസന്ദേശവും വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു.