തിരുവണാമല അരുണാചലേശ്വര ക്ഷേത്രത്തിന് സമീപമുള്ള പാറയിടുക്കിൽ കുടുങ്ങി ആന്ധ്രാപ്രദേശ് സ്വദേശിയായ തീർഥാടകൻ ശ്വാസംമുട്ടി മരിച്ച സംഭവത്തിന് പിന്നാലെ പ്രദേശത്തെ സുരക്ഷാ വീഴ്ചകളെച്ചൊല്ലി വൻ പ്രതിഷേധം ഉയരുന്നു. 36-കാരനായ മണികുമാർ എന്ന ഭക്തനാണ് 'മോക്ഷ മാർഗം' എന്നറിയപ്പെടുന്ന ഇടുങ്ങിയ പാറയിടുക്കിൽ വച്ച് ദാരുണമായി കൊല്ലപ്പെട്ടത്.
ഈ ദുരന്തത്തിന് തൊട്ടുപിന്നാലെ, മാസങ്ങൾക്ക് മുൻപ് ഇതേ സ്ഥലത്ത് മറ്റൊരു തീർഥാടക കുടുങ്ങിയതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വീണ്ടും പ്രചരിക്കാൻ തുടങ്ങിയതോടെ അധികൃതർക്കെതിരെ ജനരോഷം ഇരമ്പുകയാണ്.
അരുണാചല ഗിരിപ്രദക്ഷിണ വഴിയരികിലുള്ള ഇടുക്കു പിള്ളയാർ കോവിലിന് അടുത്താണ് ഈ അപകടകരമായ പാറയിടുക്ക് സ്ഥിതി ചെയ്യുന്നത്. ഈ ഇടുങ്ങിയ വിടവിലൂടെ പ്രയാസപ്പെട്ട് പുറത്തുവന്നാൽ ജീവിതത്തിലെ തടസങ്ങൾ മാറി മോക്ഷം ലഭിക്കുമെന്ന പ്രാദേശിക വിശ്വാസമാണ് ഭക്തരെ ഇത്തരം സാഹസങ്ങൾക്ക് പ്രേരിപ്പിക്കുന്നത്.
എന്നാൽ ഇത് ശാസ്ത്രങ്ങളിലോ പ്രമാണങ്ങളിലോ പരാമർശിച്ചിട്ടുള്ള ഒന്നല്ലെന്നും പ്രദേശത്ത് തലമുറകളായി പ്രചരിക്കുന്ന ഐതിഹ്യങ്ങൾ മാത്രമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗിരിവലത്തിനിടയിൽ ഈ പാറയിടുക്കിലേക്ക് കടന്ന മണികുമാർ അനങ്ങാനാവാത്ത വിധം അതിനിടയിൽ കുടുങ്ങിപ്പോവുകയായിരുന്നു.
ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഏറെ പരിശ്രമിച്ച് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പുറത്തുവന്ന പഴയ വീഡിയോയിൽ ഒരു സ്ത്രീ മിനിറ്റുകളോളം ഈ പാറയിടുക്കിൽ ശ്വാസംമുട്ടി കുടുങ്ങിക്കിടക്കുന്നതും ഒടുവിൽ നാട്ടുകാർ ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തുന്നതും വ്യക്തമാണ്.
സമാനമായ അപകടങ്ങൾ മുൻപും ഉണ്ടായിട്ടും മുൻകരുതലുകൾ സ്വീകരിക്കാതിരുന്നതാണ് ഒരു ജീവൻ പൊലിയാൻ കാരണമായതെന്ന് ഭക്തരും സാമൂഹിക പ്രവർത്തകരും ആരോപിക്കുന്നു.
വിശ്വാസത്തിന്റെ പേരിൽ ഇനിയൊരു ദുരന്തം ആവർത്തിക്കാതിരിക്കാൻ ഭക്തർക്ക് കൃത്യമായ മുന്നറിയിപ്പ് നൽകണമെന്നും, ശാരീരിക ബുദ്ധിമുട്ടുള്ളവർ അപകടകരമായ ഇത്തരം വിടവുകളിലേക്ക് കടക്കുന്നത് തടയാൻ പ്രദേശത്ത് സുരക്ഷാ ജീവനക്കാരെ സ്ഥിരമായി നിയോഗിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
തീർഥാടനത്തിന്റെ പവിത്രത നിലനിർത്തിക്കൊണ്ടുതന്നെ ജനങ്ങളുടെ ജീവന് സംരക്ഷണം നൽകുന്ന കർശന നടപടികൾ തമിഴ്നാട് സർക്കാർ ഉടൻ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.